ദേശീയപാത 66 ന്റെ നിർമാണവുമായി ബന്ധപ്പെട്ട് പരാതികളുള്ള സ്ഥലങ്ങളില്‍ എറണാകുളം ജില്ലാ കലക്ടർ എൻ.എസ്.കെ ഉമേഷ് സന്ദർശനം നടത്തി. പൊതുജനങ്ങളുടെ പ്രശ്നങ്ങൾക്ക് എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കുമെന്ന് കലക്ടർ പറഞ്ഞു. എൻ.എച്ച്.എ.ഐ പ്രൊജക്റ്റ് ഡയറക്ടർ അൻഷുൽ ശർമയും ഒപ്പമുണ്ടായിരുന്നു.

ദേശീയപാതാ നിര്‍മാണത്തില്‍ പ്രാദേശികമായി നിലനില്‍ക്കുന്ന എതിര്‍പ്പുകളും പരാതികളും കണക്കിലെടുത്താണ് ജില്ലാ കലക്ടര്‍ സന്ദര്‍ശനം നടത്തിയത്. വരാപ്പുഴ പഞ്ചായത്തിലെ എസ്എൻഡിപി ജംക്‌ഷൻ, പുത്തൻപള്ളി, കോട്ടുവള്ളി ഗ്രാമ പഞ്ചായത്തിലെ കൂനമ്മാവ്, ചെറിയപ്പിള്ളി, കൊട്ടേക്കാവ് പാലം, ആലങ്ങാട് ഗ്രാമ പഞ്ചായത്തിലെ കൊച്ചാൽ, പറവൂർ നഗരസഭയിലെ തെക്കേനാലുവഴി, പെരുമ്പടന്ന മത്സ്യ മാർക്കറ്റ്, ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്തിലെ പട്ടണം കവല, മുനമ്പം കവല, വടക്കേക്കര ഗ്രാമപഞ്ചായത്തിലെ കുരിയാപ്പിള്ളി, മൂത്തകുന്നം എന്നിവിടങ്ങളിലാണ് സംഘം സന്ദർശനം നടത്തി. നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഉറപ്പുനല്‍കി. ജനപ്രതിനിധികൾ, എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥര്‍, റവന്യൂഉദ്യോഗസ്ഥർ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.