ആലപ്പുഴ കരുവാറ്റയിൽ ആറിനു കുറുകെയുള്ള പാലത്തിന്റെ നിർമാണം പാതിവഴിയിൽ നിലച്ചിട്ട് മൂന്നു വർഷം. ആറ്റിലെ ശക്തമായ ഒഴുക്കിൽ ജീവൻ പണയം വച്ചാണ് രണ്ട് എല്‍പി സ്കൂളുകളിലെ കുരുന്നുകളുടെ യാത്ര . കരുവാറ്റ പ്രദേശത്തെ നൂറുകണക്കിന് ജനങ്ങളുടെ ജീവിതമാണ് ദുസഹമായത്.
കുട്ടനാടിനെയും അപ്പർ കുട്ടനാടിനെയും ബന്ധിപ്പിക്കുന്ന നെടുമുടി - കരുവാറ്റ റോഡിലെ ഏറ്റവും വലിയ പാലമാണ് കരുവാറ്റ കുറിച്ചിക്കൽ . 260 മീറ്റർ നീളത്തിൽ കരുവാറ്റ ലീഡിങ് ചാനലിന് കുറുകെയാണ് പാലം നിർമിക്കുന്നത്. 2016 ഫെബ്രുവരി 28 ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണ് തറക്കല്ലിട്ടത്. 21 മാസം കൊണ്ട് നിർമാണം പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട പാലത്തിന്റ നിർമാണം 3 വർഷമായി നിലച്ചിരിക്കുകയാണ്.
തൊഴിൽ തർക്കം, പ്രളയം, വെള്ളപ്പൊക്കം , കരാറുകാർ തമ്മിലുള്ള എന്നീ കാരണങ്ങളാലാണ് നിർമാണം പല തവണ തടസപ്പെട്ടത്. പാലത്തിന്റെ 60 ശതമാനം നിർമാണ പ്രവൃത്തികളും പൂർത്തിയായി. ബാക്കി ജോലികൾ എന്ന് പൂർത്തിയാക്കുമെന്ന് പറയാൻ ആർക്കുമാകുന്നില്ല. രണ്ട് LP സ്കൂളുകൾ, ആരാധനാലയങ്ങൾ എല്ലാം ഈ ഭാഗത്തുണ്ട്. കാരമുട്ട് പ്രദേശത്തുള്ളവർ പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്. ഇവിടെയുള്ള വിദ്യാസമ്പന്നരായ യുവാക്കളുടെ പോലും വിവാഹം നടക്കുന്നില്ല. യാത്രാ സൗകര്യമില്ലാത്ത ഇവിടേക്ക് പെൺകുട്ടികളെ അയയ്ക്കാൻ ആരും തയാറല്ല. രോഗികളായവരെ ആശുപത്രിയിലെത്തിക്കാൻ ചെറിയ വള്ളങ്ങളിൽ കയറ്റി ഇക്കരെയെത്തിക്കണം. ഒരു പ്രദേശത്തെ ജനങ്ങളുട ജീവിതത്തെയാകെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് പാതിവഴിയിൽ നിർമാണം നിലച്ച കരുവാറ്റ കുറിച്ചിക്കൽ പാലം.