TAGS

കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതിയില്ലാതെ നിര്‍മിച്ച അയ്യപ്പ ഭക്തരുടെ പന്തല്‍ പൊലീസ് പൊളിച്ചുനീക്കി. എന്നാല്‍, ക്ഷേത്ര സംരക്ഷണ സമിതി മുപ്പത്തിരണ്ടു വര്‍ഷമായി തുടര്‍ച്ചയായി കെട്ടിയിരുന്ന പന്തല്‍ നീക്കിയതിനു പിന്നില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയമാണെന്ന് ബി.ജെ.പി. ആരോപിച്ചു. 

മണ്ഡലക്കാലത്ത് കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ സ്ഥിരമായി അയ്യപ്പ ഭക്തര്‍ക്ക് വിശ്രമിക്കാനും അന്നദാനത്തിനുമായി പന്തല്‍ കെട്ടിയിരുന്നു. ക്ഷേത്ര സംരക്ഷണ സമിതിയായിരുന്നു പന്തല്‍ കെട്ടിയിരുന്നതും അന്നദാനം നല്‍കിയിരുന്നതും. ഇക്കുറി, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അനുമതി നിേഷധിച്ചു.  ക്ഷേത്ര ഉപദേശക സമിതിയും ദേവസ്വം ബോര്‍ഡും സംയുക്തമായി ഇതേറ്റെടുത്ത് നടത്താനായിരുന്നു തീരുമാനം. തര്‍ക്കം മുറുകിയതോടെ പൊലീസും ആര്‍.ഡി.ഒയും സമിതിക്കാരുമായി ചര്‍ച്ച നടത്തി. പക്ഷേ, തീരുമാനമായില്ല. അങ്ങനെയാണ്, പുലര്‍ച്ചെ ആരുമറിയാതെ പന്തല്‍ പൊലീസ് നീക്കിയത്. സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്ര ഉപദേശക സമിതിയെ സഹായിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ നീക്കമെന്ന് ബി.ജെ.പി. ആരോപിച്ചു. 

കൊടുങ്ങല്ലൂരില്‍ മാത്രമല്ല എല്ലാ ദേവസ്വം ക്ഷേത്രങ്ങളിലും ക്ഷേത്ര ഉപദേശക സമിതിക്കാണ് പില്‍ഗ്രിം സെന്റര്‍ നടത്താന്‍ അധികാരമെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രതികരിച്ചു. ഹിന്ദു ഐക്യവേദിയും ബി.ജെ.പിയും പ്രതിഷേധവുമായി രംഗത്തുവന്നതോടെ കൊടുങ്ങല്ലൂരില്‍ പൊലീസ് ജാഗ്രത പാലിക്കുന്നുണ്ട്. ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

pandal built without permission in Srikurumba Bhagavathy temple was demolished