TAGS

അഞ്ചു കോടി രൂപയുടെ പാലമുണ്ട്, പക്ഷെ പാലത്തിലെത്താൻ റോഡില്ല. തൃശൂർ വരന്തരപ്പിള്ളിക്ക് അടുത്ത് ആറു വർഷം മുമ്പ് നിർമിച്ച കച്ചേരിക്കടവ് പാലത്തിന്‍റെ അപ്രോച്ച് റോഡ് യാഥാർഥ്യമായില്ല. പാലത്തിനായി പതിറ്റാണ്ടോളം കാത്തിരുന്ന നാട്ടുകാർ ഇപ്പോൾ റോഡിനായും കാത്തിരിക്കുകയാണ്.

2017 ലാണ് അഞ്ചു കോടി രൂപ ചിലവിൽ കുറുമാലി പുഴക്കു കുറുകെയുള്ള വരന്തരപ്പിള്ളിക്കടുത്തെ കച്ചേരിക്കടവ് പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയായത്. പാലം വേണമെന്നത് നാട്ടുകാരുടെ ദീർഘകാല ആവശ്യമായിരുന്നു. എന്നാല്‍ പാലം പൂര്‍ത്തിയായതോടെ റോഡില്ലാ പാലമെന്ന് പേരും ലഭിച്ചു. പാലം നിര്‍മിച്ച് 6 വര്‍ഷം കഴിഞ്ഞിട്ടും അപ്രോച്ച് റോഡ് നിര്‍മിക്കാനായില്ല. കുണ്ടും കുഴിയും താണ്ടി വേണം പാലത്തിലെത്താൻ. ജീവൻ പണയം വെക്കേണ്ട സ്ഥിതിയാണ്. 

അപ്രോച്ച് റോഡിനായുള്ള സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച തര്‍ക്കവും സമീപത്തെ വനഭൂമിയിലെ മരംമുറിക്കുന്നതിനുള്ള അനുമതി വൈകിയതുമാണ് അപ്രോച്ച് റോഡ് നിര്‍മാണം അനിശ്ചിതത്തിലാകാന്‍ കാരണം. റോഡിനായി നിരവധി തവണ പ്രതിഷേധമുയരുകയും ചെയ്തിട്ടുണ്ട്.

വരന്തരപ്പിള്ളി പൗണ്ട് - മുപ്ലിയം വെള്ളാരംപാടം പ്രദേശങ്ങളെ ബന്ധപ്പിക്കുന്ന കച്ചേരിക്കടവ് പാലം നാട്ടുകാരുടെ പതിറ്റാണ്ടുകളായുള്ള സ്വപ്നമാണ്. ഇരുകരകളിലും ഉള്ളവര്‍ക്ക് പാലം യാഥാര്‍ഥ്യമായാല്‍ കിലോമീറ്ററുകളോളം ചുറ്റിവളയുന്നത് ലാഭിക്കാം. റോഡിനു വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച തർക്കം തുടരുന്നതിനാൽ റോഡ് നിർമാണം എന്നു പൂർത്തിയാകുമെന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. കോടികൾ ചിലവൊഴിച്ച് പാലം യാഥാർഥ്യമായെങ്കിലും ദുരിതത്തിന് അറുതിയാകാത്തത്തിൽ കടുത്ത പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാർ.

The approach road to the Kacherikadav bridge built six years ago near Varantharapilly in Thrissur has not builded yet.