ക്ഷീര സഹകരണ സംഘത്തിലെത്തുന്ന പാലും കാലിത്തീറ്റയും പ്രസിഡന്‍റ് തന്നെ മോഷ്ടിച്ചു കടത്തുന്നുവെന്ന് പരാതി. തൃശൂർ ചിയ്യാരത്താണ് വേലി തന്നെ വിളവ് തിന്നെന്ന പരാതി. സഹികെട്ട കർഷകർ പ്രസിഡന്‍റ് ഷിജോയ്ക്കെതിരെ ഫ്ലക്സ് ബോർഡ് വെച്ചാണ് പ്രതിഷേധിച്ചത്. സംഘത്തിലെത്തുന്ന പാൽ, നെയ്യ്, കാലിത്തീറ്റ, വെണ്ണ എന്നിവ പ്രസിഡണ്ട് മോഷ്ടിച്ചുവെന്ന ആരോപണമാണ് ബോർഡിൽ. കാലിത്തീറ്റയും പാലും കടത്തി കൊണ്ടുപോകുന്ന കാരികേച്ചറുമുണ്ട്. ഫ്ലക്സ് ബോർഡ് മാത്രമല്ല വിഡിയോയും കർഷകർ പുറത്തുവിട്ടിട്ടുണ്ട്.
പ്രതിമാസം മൂന്നു ലക്ഷത്തിനു മുകളിൽ വരുമാനമുള്ള സംഘമാണ് ചിയ്യാരത്തേത്. ദിനംപ്രതി ആയിരം ലിറ്റർ പാലെത്തുന്ന സൊസൈറ്റിയിൽ നിന്ന് 25 ലിറ്റർ പ്രസിഡന്‍റ് കൊണ്ടുപോകും. ഓഫിസ് അടച്ചതിനു ശേഷം നെയ്യും വ്യാജ രസീതുണ്ടാക്കി കാലിതീറ്റയും കടത്തുമത്രെ. ജീവനക്കാരോട് മാറ്റി വയ്ക്കാന്‍ ആവശ്യപ്പടും. ഓഫീസിന് പുറകിലൂടെ കൊണ്ടുപോയി വീട്ടിൽ ചില്ലറ വില്പന നടത്തുന്നുവെന്നുമാണ് പരാതി.
കുടുംബാംഗങ്ങളെ ബോർഡിൽ ഉൾപ്പെടുത്തിയാണ് ഈ ക്രമക്കേട്. കഴിഞ്ഞ നവംബർ 8 ന് പാലു കൊണ്ടു പോകും വഴി ഷിജോയെ വഴിയിൽ തടഞ്ഞ് ചോദ്യം ചെയ്തിരുന്നതായി കർഷകർ പറയുന്നു. മാസം ലക്ഷങ്ങളുടെ തട്ടിപ്പ് ഷിജോ നടത്തിയെന്നും കർഷകർ ആരോപിച്ചു. എന്നാൽ കേടായ പാലും നെയ്യും വലിച്ചറിയാൻ കൊണ്ടു പോയതാണെന്നും ആരോപണം സഹകരണ സംഘം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നുമായിരുന്നു ഷിജോയുടെ വിശദീകരണം. ഷിജോയ്ക്ക് സ്വന്തമായി പശുകൾ പോലും ഇല്ലെന്നും ആരോപണമുണ്ട്. വിഷയത്തിൽ അന്വേഷണമാവശ്യപ്പെട്ട് കർഷകർ ജില്ലാ ക്ഷീര വികസന ഓഫീസർക്കാർ പരാതി നൽകി.
Complaint about Dairy co-operative society president