കൊച്ചി നഗരത്തിലെ ഹോട്ടലുകളിൽ നിന്നും ഭക്ഷണാവശിഷ്ടങ്ങൾ ശേഖരിക്കുന്ന പന്നി ഫാം ഉടമകൾക്കെതിരെ നടപടിയുമായി നഗരസഭ. ഭക്ഷണാവശിഷ്ടങ്ങൾ ശേഖരിക്കാൻ എത്തിയ വാഹനങ്ങൾ തടഞ്ഞിട്ടു. ചില വാഹനങ്ങൾ ഭക്ഷണാവശിഷ്ടങ്ങൾ പൊതു ഇടങ്ങളിൽ തള്ളുന്നതിനെ തുടർന്നാണ് നടപടിയെന്ന് നഗരസഭ പറയുന്നു.
കഴിഞ്ഞദിവസം നഗരത്തിലെ ഹോട്ടലുകളിൽ നിന്ന് ഭക്ഷണാവശിഷ്ടങ്ങൾ എടുക്കാൻ എത്തിയ എട്ടു വാഹനങ്ങളണ് നഗരസഭ പിടികൂടിയത്. വർഷങ്ങളായി ഇത്തരത്തിൽ ഭക്ഷണ വിശിഷ്ടങ്ങൾ ശേഖരിക്കാറുണ്ടെന്നാണ് പന്നി വളർത്തൽ കേന്ദ്രത്തിന്‍റെ ഉടമകൾ പറയുന്നത്. മുന്നറിയിപ്പ് നൽകാതെയാണ് വാഹനങ്ങൾ പിടികൂടിയത്. ഹോട്ടലുകളിൽ നിന്ന് ഭക്ഷണാവശിഷ്ടങ്ങൾ ഫീസ് ഈടാക്കി നീക്കം ചെയ്യാൻ പുതിയ ഏജൻസിയെ നഗരസഭ ഏൽപ്പിച്ചിട്ടുണ്ടെന്നും സാമ്പത്തിക ലാഭം മാത്രമാണ് അതിന് പിന്നിലെന്നും ഫാം ഉടമകൾ ആരോപിക്കുന്നു.
കൂട്ടത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന ചില പന്നിഫാമുകൾ മാലിന്യ നീക്കത്തിൽ വീഴ്ച വരുത്തുന്നുണ്ടെന്നാണ് നഗരസഭയുടെ വാദം. ഹോട്ടലുകളിൽ നിന്ന് എടുക്കുന്ന ഭക്ഷണ അവശിഷ്ടങ്ങൾ വഴിയോരങ്ങളിൽ തള്ളുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പിഗ് ഫാർമേഴ്സ് അസോസിയേഷൻ മേയറുമായി ചർച്ച നടത്തി. 28 നകം നഗരസഭ ആരോഗ്യ വിഭാഗം ഫാമുകൾ സന്ദർശിച്ച് പരിശോധന നടത്തും. അനുമതിയുള്ള വാഹനങ്ങളിൽ മാത്രമേ ഭക്ഷണവശിഷ്ടങ്ങൾ കൊണ്ടുപോകാവൂ. നഗരസഭ പിടികൂടിയ വാഹനങ്ങൾ വിട്ടു നൽകി.
Municipal Corporation has taken action against pig farm owners who collect food waste from hotels in Kochi city