
എറണാകുളം വടക്കന്‍പറവൂരില്‍ വാഹനാപകടമുണ്ടാക്കിയ ഡ്രൈവര്‍ നല്‍കിയത് വ്യാജ ഡ്രൈവിങ് ലൈസന്‍സ്. അപകട സമയത്ത് വിദേശത്തായിരുന്ന പട്ടാമ്പിക്കാരന്റെ പേരിലാണ് പൊലീസ് കേസെടുത്തത്. കേസില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യം പൊലീസ് അംഗീകരിക്കാത്തതിനാല്‍ മടങ്ങിപ്പോകാനാകാതെ കുടുങ്ങിയിരിക്കുകയാണ് പട്ടാമ്പിക്കാരന് മുഹമ്മദ് റഫീഖ്.
കഴിഞ്ഞ മാര്‍ച്ച് ഇരുപത്തിയൊന്നിന് വടക്കന്‍പറവൂര്‍ മൂത്തകുന്നത്ത് ദേശീയപാതയില്‍ സൈക്കിള്‍യാത്രികനെ ഇടിച്ചിട്ട മിനി ലോറി ഡ്രൈവര്‍ നല്കിയ ഡ്രൈവിങ് ലൈസന്‍സാണിത്. ഫോട്ടോയും പേരും നോക്കി പാലക്കാട് പട്ടാമ്പിക്കാരന് മുഹമ്മദ് റഫീഖിനെതിരെ വടക്കേക്കര പൊലീസ് കേസെടുത്തു. അപകടം നടക്കുമ്പോള്‍ വിദേശത്തായിരുന്നു മുഹമ്മദ് റഫീഖ് കഴിഞ്ഞ ജൂണ്‍ ആറിന് നാട്ടിലെത്തിയപ്പോഴാണ് കേസില്‍ പ്രതിയായ കാര്യം അറിഞ്ഞത്. വടക്കേക്കര സ്റ്റേഷനിലെത്തി കാര്യം പറഞ്ഞെങ്കിലും നടപടിയായില്ല. യഥാര്‍ഥ ഡ്രൈവിങ് ലൈസന്‍സും, പാസ്പോര്‍ട്ടും കാണിച്ചെങ്കിലും യഥാര്‍ഥ പ്രതിയെ കണ്ടെത്താന്‍ പൊലീസ് തയാറായില്ലെന്നാണ് ആക്ഷേപം. ഇതോടെ മടക്കയാത്ര മുടങ്ങി.
മുഹമ്മദ് റഫീഖിന്റെ ലൈസന്‍സിന്റെ പകര്‍പ്പില്‍ ഫോട്ടോ മാറ്റിപ്പതിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഉടമയെ ചോദ്യം ചെയ്താല്‍ പ്രതിയെ കിട്ടുമെങ്കിലും പൊലീസ് തയാറായിട്ടില്ല.