തൃശൂര്‍ ഐഎംഎ ബ്ലഡ് ബാങ്കില്‍ ജീവനക്കാരുടെ സമരം ആറ് ദിവസം പിന്നിട്ടതോടെ കടുത്ത പ്രതിസന്ധി. നാല് ജില്ലയിലേക്ക് രക്തവും രക്ത ഘടകങ്ങളും എത്തിച്ചിരുന്ന ബ്ല‍ഡ് ബാങ്കില്‍ രക്തത്തിനടക്കം നേരിടുന്നത് കടുത്ത ക്ഷാമം..

വിവിധ ആവശ്യങ്ങളുന്നയിച്ച് അഞ്ചു ദിവസം മുമ്പാണ് തൃശൂര്‍ ഐഎംഎ ബ്ലഡ് ബാങ്കിലെ ജീവനക്കാര്‍ സമരം തുടങ്ങിയത്. ശമ്പള വര്‍ധനവ് അടക്കമുള്ളതാണ് ആവശ്യങ്ങള്‍. സമരം ദിവസങ്ങള്‍ നീണ്ടതോടെ ബ്ലഡ് ബാങ്കിന്‍റെ പ്രവര്‍ത്തനം താറുമാറായി. ജില്ലയിലെയും ജില്ലക്ക് പുറത്തേയും രോഗികളുടെ പ്രധാന ആശ്രയമായിരുന്ന ബ്ലഡ് ബാങ്കില്‍ രക്തത്തിനും രക്ത ഘടകത്തിനും കടുത്ത ക്ഷാമമാണ് നേരിടുന്നത്.

പ്ലേറ്റ് ലെറ്റും ഘടകങ്ങള്‍ വേര്‍തിരിക്കാത്ത രക്തവും പൂര്‍ണമായും തീര്‍ന്നു. ബ്ലഡ് ബാങ്കിലേക്കുള്ള രക്തദാനവും പൂര്‍ണമായും മുടങ്ങി. പ്രതിസന്ധി നാലു ജില്ലകളിലെ രോഗികളെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. സമരക്കാരുമായി ചര്‍ച്ച ചെയ്യാന്‍ ജില്ലാ പഞ്ചായത്ത് അധികൃതര്‍ ഇതുവരെ തയ്യാറായില്ല.

സമരം അനാവശ്യമാണെന്നാണ് ബ്ലഡ് ബാങ്ക് മാനേജ്മെന്‍റിന്‍റെ നിലപാട്. സമരക്കാരെ നേരില്‍ കണ്ട് പ്രശ്നം പരിഹരിക്കാന്‍ ശ്രമങ്ങളൊന്നും നടന്നില്ല. മൂന്ന് ദിവസത്തേക്കുള്ള രക്തം മാത്രമേ ബ്ലഡ് ബാങ്കില്‍ ലഭ്യമായൊള്ളൂ.

The strike of employees at Thrissur IMA Blood Bank has completed six days