ഹൈക്കോടതി നിര്‍ദേശത്തിന് പുല്ലുവില; കസ്റ്റഡി മര്‍ദനത്തില്‍ പൊലീസുകാര്‍ക്കെതിരെ അന്വേഷണമില്ല

ഹരിപ്പാട് ലോക്കപ്പിൽ യുവാവിന് പീഡനമേറ്റതിൽ ഡി.വൈ.എസ്.പി ഉൾപ്പടെ 7 പൊലീസുകാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അന്വേഷണം ശക്തമാക്കാൻ കോടതി നിർദേശിച്ചെങ്കിലും നടപടിയെടുക്കാതെ പൊലീസ്. ഹരിപ്പാട് താമല്ലാക്കൽ സ്വദേശി അരുണിനാണ് 2017 ൽ മർദ്ദനമേറ്റത്. ഹർത്താൽ ദിനത്തിൽ ജോലിക്ക് പോകുകയായിരുന്ന അരുണിനെ ബസിന് കല്ലെറിഞ്ഞെന്ന് പറഞ്ഞ് പൊലീസ് കസ്റ്റഡിയിലെടുത്ത് മർദിച്ചെന്നാണ് പരാതി.

ഹരിപ്പാട് താമല്ലാക്കൽ കന്നേപ്പറമ്പ്  അരുണിനാണ് ചെയ്യാത്തകുറ്റത്തിന് ലോക്കപ്പില്‍ മര്‍ദനമേല്‍ക്കേണ്ടി വന്നത്. 2017ലെ  ഹർത്താൽ ദിനത്തിൽ  ബസിന് കല്ലെറിഞ്ഞെന്ന് ആരോപിച്ച് അരുണിനെ കസ്റ്റഡിയിലെടുത്ത് മർദിച്ചെന്നാണു പരാതി. അന്നു ഹരിപ്പാട് സിഐ ആയിരുന്ന ഇപ്പോഴത്തെ മലപ്പുറം ഡിവൈഎസ്പി ടി.മനോജ് ഉൾപ്പെടെയുള്ള ഏഴ് പൊലീസുകാരാണ് പ്രതിസ്ഥാനത്ത്. പ്രതികൾ പൊലീസുകാരായതിനാല്‍ കടുത്ത വകുപ്പുകൾ ചേർത്ത് കേസെടുത്ത് അന്വേഷണം ഊർജിതമാക്കാന്‍ ഹരിപ്പാട് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു. പ്രതിയായ പൊലീസ് അസോസിയേഷൻ ഭാരവാഹി  ഹരിപ്പാട് സ്റ്റേഷനിൽ ജോലിയിലുള്ളതിനാല്‍ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് അരുൺ  പറയുന്നു.

ഈ പരാതിയില്‍ തുടക്കം മുതലേ  പൊലീസിന്‍റെ അനാസ്ഥ  പ്രകടമാണ്. 6 വർഷം മുൻപ് നടന്ന സംഭവമായതിനാൽ സാക്ഷികളെ കണ്ടെത്തി മൊഴിയെടുക്കാൻ സമയമെടുക്കുമെന്നാണ്  പൊലീസ് വിശദീകരണം. അരുണിന്റെ പരാതിയിൽ  ആദ്യം  കേസ് എടുക്കാന്‍ പൊലീസ്  തയാറായില്ല. ഹൈക്കോടതി നിർദേശത്തെത്തുടര്‍ന്ന് 2 മാസം മുൻപാണ് ദുര്‍ബലമായ വകുപ്പുകളിട്ട് കേസെടുത്തത്. ‌ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥരും പലതവണ മാറി.