ദേഹത്ത് വൃണങ്ങള്‍;വേണ്ടത്ര ഭക്ഷണമില്ല; ക്ഷേത്രഗോശാലയിൽ കാലികൾക്ക് ദുരിത ജീവിതം

വൈക്കത്തെ ക്ഷേത്രഗോശാലയിൽ കാലികൾക്ക് ദുരിത ജീവിതം. ദേവസ്വം ബോർഡിന്റെ കീഴിലുള്ള വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ ഗോശാലയിലാണ് ദേഹത്ത് വൃണങ്ങളുമായി വേണ്ടത്ര ഭക്ഷണമില്ലാതെ കാലികൾ കഴിയുന്നത്. ഗോശാലക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് വേണ്ടത്ര പണം നൽകാത്തതാണ് കാലികളുടെ ദുരിതത്തിന് കാരണമെന്നാണ് പരാതി.

നാല് കാളകളും മൂന്ന് പശുക്കളുമായി ഏഴ് കാലികളാണ് വൈക്കത്തെ ഗോശാലയിൽ ഉള്ളത്. മൂന്ന് പശുകളുടെ ദേഹത്ത് വൃണം ബാധിച്ചു. എന്നാൽ ഇതിനെ പോലും പരിപാലിക്കാൻ ദേവസ്വത്തിന്റെ ജീവനക്കാരില്ല. കാലികളെ നോക്കാൻ രണ്ട് പേരുണ്ടായിരുന്നെങ്കിലും നിലവിൽ ദേവസ്വം അഡ്മിനിട്രേറ്റീവ് ഓഫിസർ ദിവസം 300 രൂപ കൈയ്യിൽ നിന്ന് മുടക്കിയാണ് ഒരാളെ കൊണ്ട് ഇവയെ ഏതാനും മണിക്കൂർ മാത്രം പരിപാലിക്കുന്നത്. മൂവായിരം രൂപയാണ് ഒരു മാസം ഗോശാലക്കായി  തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകുന്നത്. പലപ്പോഴും ഭക്തർ നൽകുന്ന ഭക്ഷണം മാത്രമാണ്  കാലികൾക്ക് ആശ്വാസമാവുന്നത്.

നിലവിൽ ജീവനക്കാർ ഇടപെട്ട് ശരീരത്തിൽ വൃണം ഉണ്ടായ കാലികൾക്ക് ചികിൽസ നൽകുന്നുണ്ടെന്നാണ് വൈക്കം ദേവസ്വം  അറിയിക്കുന്നത്. കാലികളെ മാത്രംനോക്കാൻ മുഴുവൻ സമയ ജീവനക്കാരെ നിയമിച്ച് ഗോശാലക്കായി വേണ്ടത്ര പണം അനുവദിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തയ്യാറാവണമെന്നാണ് ആവശ്യം ഉയരുന്നത്.

Cows live a miserable life in the temple goshala at Vaikam