ഓട്ടോറിക്ഷ ഡ്രൈവറെ മറ്റ് ഓട്ടോ തൊഴിലാളികൾ മർദ്ദിച്ചതായി പരാതി

കോട്ടയം ഭരണങ്ങാനത്ത് ഓട്ടോറിക്ഷ ഡ്രൈവറായ യുവാവിനെ മറ്റ് ഓട്ടോ തൊഴിലാളികൾ ചേർന്ന് മർദ്ദിച്ചതായി പരാതി. ഭരണങ്ങാനത്തെ ഓട്ടോ സ്റ്റാൻഡിലോ സമീപപ്രദേശങ്ങളിലോ ഓട്ടോ ഓടിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു മർദ്ദനം. പരുക്കേറ്റ ഇടമറ്റം സ്വദേശി വിനോദ് പൊലീസിൽ പരാതി നൽകി. 

മൂന്നുമാസം മുമ്പാണ് ഇടമറ്റം പുത്തൻവീട്ടിൽ വിനോദ് പിന്നോക്ക വിഭാഗകാർക്കുള്ള സ്കീമിലൂടെ വായ്പാതുക സംഘടിപ്പിച്ച് ഓട്ടോറിക്ഷ വാങ്ങിയത്. ഭരണങ്ങാനത്തെ ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ ഓടിക്കാൻ തീരുമാനിച്ചെങ്കിലും മറ്റു തൊഴിലാളികൾ സമ്മതിച്ചില്ല. പഞ്ചായത്തിനെയും തുടർന്ന് മോട്ടോർ വാഹന വകുപ്പിനെയും സമീപിച്ചപ്പോൾ  തടസ്സം ഇല്ലെന്നായിരുന്നു മറുപടി. ഇതനുസരിച്ച് ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ഓട്ടോ സ്റ്റാൻഡിൽ നിന്നും മാറി പാർക്ക് ചെയ്ത വാഹനത്തിൽ ഇരിക്കുകയായിരുന്ന വിനോദിനെ തൊഴിലാളികൾ ചേർന്ന് കരണത്തടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. സഹായത്തിന് എത്തിയ സുഹൃത്തായ ബിനീഷിന് നേരെയും അക്രമമുണ്ടായി. 

12 വർഷമായി ഓട്ടോ ഓടിച്ചിരുന്ന സുഹൃത്ത് ബിനീഷിനും ഭരണങ്ങാനത്തെ സ്റ്റാൻഡിൽ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ഭാര്യയും മൂന്ന് പെൺമക്കളും അടങ്ങുന്ന വിനോദിന്റെ കുടുംബത്തിൻറെ ഏക വരുമാന മാർഗ്ഗമാണ് ഈ ഓട്ടോറിക്ഷ. പിന്നോക്ക വിഭാഗ കമ്മീഷൻ പരാതിയിൽ നടപടി ആരംഭിച്ചതോടെ ഒത്തുതീർപ്പിന് ശ്രമം നടന്നെങ്കിലും പരാതിയുമായി മുന്നോട്ടു പോകാൻ ആണ് വിനോദിന്റെ തീരുമാനം.

Complaint that auto rickshaw driver was beaten up by other auto workers