മൂന്നാറില്‍ നിന്ന് ബോഡിമെട്ട് വരെയുള്ള ഗ്യാപ്പ് റോഡ് വികസനത്തിന് പിന്നാലെ കര്‍ഷകര്‍ ദുരിതത്തില്‍. റോഡ് വീതികൂട്ടാന്‍ പാറകള്‍ നീക്കിയ സ്ഥലങ്ങളിലുണ്ടായ മണ്ണിടിച്ചിലാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയത്.. നഷ്ടപരിഹാരം ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രദേശത്ത് കുടില്‍കെട്ടി രാപകല്‍ സമരത്തിലാണ്. 

കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെയുള്ള റോഡ് വികസനം സര്‍ക്കാരും സോഷ്യല്‍മീഡിയയും കൊട്ടിഘോഷിക്കുമ്പോള്‍ ആറ് കര്‍ഷക കുടുംബങ്ങള്‍ സമരത്തിലാണ്. കാണാന്‍ നല്ല ഭംഗിയുള്ള റോഡിനിപ്പുറം ദുരിതത്തിന്‍റെ കാഴ്ച വേറെയുണ്ട്.. മണ്ണിടിച്ചിലില്‍ നശിച്ച ഏക്കറുകണക്കിന് കൃഷിഭൂമി.. നട്ടും നനച്ചുമെടുത്ത കുറേയേറെ വിളകളാണ് 2019 മുതല്‍ മൂന്ന് തവണയായി ഉണ്ടായ ഉരുള്‍പൊട്ടലിന് സമാനമായ മണ്ണിടിച്ചിലില്‍ നശിച്ചില്ലാതായത്.. ഗ്യാപ്പ് റോഡിന് വീതി കൂട്ടാന്‍ പാറകള്‍ നീക്കിയപ്പോള്‍ സംഭവിച്ചതാണിത്. കരാറുകാരന്‍ എട്ടു ലക്ഷം രൂപ ഓരോ കുടുംബത്തിനും നഷ്ടപരിഹാരം നല്‍കാമെന്ന് ഏറ്റെങ്കിലും പലര്‍ക്കും കിട്ടിയത് തുച്ഛമായ തുക മാത്രം.. ഇതോടെ കുടില്‍ കെട്ടി തുടങ്ങിയ സമരം ഇന്ന് ആറാം ദിവസത്തിലാണ്. 

ഇതിനിടെ, കൃഷിഭൂമിയിലേക്ക് ഉരുണ്ടുവീണ ഭീമന്‍ പാറകള്‍ പൊട്ടിച്ച് കൊണ്ടുപോകാന്‍ കരാറുകാര്‍ ശ്രമിക്കുകയും ഇതിനായി കൊണ്ടുവന്ന ജെസിബി സമരക്കാര്‍ തടഞ്ഞ് പിടിച്ചുവെക്കുകയും ചെയ്തു.. ആവശ്യം അംഗീകരിക്കാതെ വിട്ടുതരില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. എന്നാല്‍ ഭൂമി കൃഷിയോഗ്യമാക്കാനാണ് പാറയും മണ്ണും നീക്കുന്നതെന്നാണ് കരാറുകാരന്‍റെ വിശദീകരണം.