അടച്ചിട്ട കടകൾ കുത്തിത്തുറന്ന് കവർച്ച; മണിക്കൂറുകള്‍ക്കകം മോഷ്ടാക്കളെ വലയിലാക്കി പൊലീസ്

തൃശൂർ തൃപ്രയാറിൽ അടച്ചിട്ട രണ്ട് കടകൾ കുത്തിത്തുറന്ന് കവർച്ച. മോഷ്ടാവിനെ മണിക്കൂറുകൾക്കകം വലപ്പാട് പൊലീസ് പിടികൂടി. സി സി ടി വി ദൃശ്യങ്ങൾ പിൻതുടർന്നായിരുന്നു മോഷ്ടാവിനെ കുടുക്കിയത്.

തൃപ്രയാർ പോളി ജംഗ്‌ഷനിൽ  ഫൺ സൂപ്പർ മാർക്കറ്റ്, കൊതി ഹോട്ട് ചിപ്സ് എന്നീ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. എണ്ണായിരത്തോളം രൂപയും,ജ്യുസ്,.മിഠായികൾ എന്നിവയും മോഷ്ടാവ് കവർന്നു. ഫൺ സൂപ്പർ മാർക്കറ്റിന്റെ ഉടമയു കാരയിൽ വീട്ടിൽ കെ.എസ്.മനേക്ഷയും,ജീവനക്കാരും ഇന്നുരാവിലെ സ്ഥാപനം തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.വീടിനോട് ചേർന്നുള്ള സ്ഥാപനത്തിന്റെ പുറകുവശത്തെ 

വാതിൽ തുറന്ന് കിടന്ന നിലയിലായിരുന്നു. ഇതുവഴി അകത്തു കടന്ന മോഷ്ടാവ് കടയിൽ മേശയിൽ സൂക്ഷിച്ചിരുന്ന അയ്യായിരം രൂപയുടെ നോട്ടുകളും ആയിരം രൂപയോളം വരുന്ന നാണയങ്ങളും കവരുകയായിരുന്നു. 

മോഷണത്തിന്റെ വീഡിയോ ദൃശ്യം സ്ഥാപനത്തിനകത്തെ നിരീക്ഷണ ക്യാമറയിൽ നിന്ന് പൊലീസ് ശേഖരിച്ചിരുന്നു.ബർമുഡ മാത്രം ധരിച്ച മോഷ്ടാവ് മുഖം തുണികൊണ്ട് മറച്ചിരുന്നു.  സമീപത്തെ കൊതി ഹോട്ട് ചിപ്സ് സ്ഥാപനത്തിൽ നിന്ന് രണ്ടായിരം രൂപയും മോഷ്ടാവ് കവർന്നു. സ്ഥാപനത്തിന്റെ മുൻഭാഗത്തെ ഒരു ഷട്ടറിന്റെ താഴ് കോടാലി ഉപയോഗിച്ച്  തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്.ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് മോഷണം നടന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ വാടാനപ്പള്ളി സ്വദേശി വീട്ടിൽ ബഷീർ ബാബു  അറസ്റ്റിലായി. ഏതാനും ദിവസം മുൻപ് തൃപ്രയാർ പാലത്തിന്റെ കിഴക്കേ വളവിലെ പൊട്ടുവെള്ളരി കടയിലും നടന്ന  മോഷണത്തിന് പിന്നിലും ഇതേ മോഷ്ടാവാണെന്ന് പൊലീസ് കണ്ടെത്തി.