ഇടുക്കിയില്‍ കാട്ടുപോത്തുകളുടെ ആക്രമണം വ്യാപകം; കാടുകയറ്റണമെന്ന് നാട്ടുകാര്‍

കാട്ടുപോത്തുകളുടെ ആക്രമണം ഭയന്ന് ഇടുക്കി പാമ്പാടുംപാറ, കരുണാപുരം പഞ്ചായത്തുകളിലെ നാട്ടുകാര്‍. രണ്ട് മാസക്കാലമായി കാട്ടുപോത്തുകള്‍ തോട്ടങ്ങളിലൂടെ കറങ്ങിത്തിരിഞ്ഞ് നടക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പോത്തുകളെ കാടുകയറ്റാന്‍ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം.

എരുമേലിയിലെയും കൊല്ലം ഇടമുളയ്ക്കലിലെയും കാട്ടുപോത്തിന്‍റെ ആക്രമണ വാര്‍ത്ത കേട്ട് ഭയന്നിരിക്കുകയാണ് ഇടുക്കിയിലെ ഒരു ജനത മുഴുവന്‍.. കരുണാപുരത്തും പാമ്പാടുംപാറയിലുമായി ജനങ്ങള്‍ക്ക് ഭീഷണിയാകുന്നത് രണ്ട് കാട്ടുപോത്തുകള്‍. തോട്ടങ്ങളില്‍ കയറിയിറങ്ങുന്ന പോത്തുകള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നുണ്ട്.

ഒരു മാസം മുന്‍പ് തുരത്തിയോടിക്കാന്‍ ശ്രമം നടന്നിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

കാട്ടുപോത്തുകളെ പേടിച്ച് പുറത്തിറങ്ങാന്‍ പോലുമാവാത്ത അവസ്ഥയെന്നാണ് നാട്ടുകാര്‍ പറയുന്നത്. തോട്ടങ്ങളില്‍ തീറ്റ സുലഭമായതാണ് കാടുവിട്ട് ഇറങ്ങുന്നതിന് കാരണമെന്നാണ് നിഗമനം.