കുടിവെള്ള പൈപ്പ് പൊട്ടി‍; വെള്ളം പാഴായിട്ടും തിരിഞ്ഞുനോക്കാതെ ജലവിതരണവകുപ്പ്

വൈക്കം വെള്ളൂരിൽ കുടിവെള്ള പെപ്പ് പൊട്ടി ദിവസങ്ങളായി വെള്ളം പാഴായിട്ടും തിരിഞ്ഞു നോക്കാതെ ജലവിതരണവകുപ്പ്. വൈക്കം നഗരസഭയുടെ പരിധിയിലും പ്രദേശത്തെ പഞ്ചായത്തുകളിലും ദിവസങ്ങളായി കുടിവെള്ളം കിട്ടാത്തപ്പോഴാണ് ഈ അനാസ്ഥ.

വെള്ളൂർ മുളക്കുളം റോഡിൽ ചെറുകര പാലത്തിന് സമീപം ഇങ്ങനെ കുടിവെള്ളം റോഡിൽ നിറഞ്ഞൊഴുകാൻ തുടങ്ങിയിട്ട് ദിവസങ്ങളായി.അറ്റകുറ്റ പണിയിലെ പ്രശ്നങ്ങൾ മൂലം അരകിലോമീറ്ററിനുള്ളിൽ മൂന്നിടങ്ങളിലാണ് സ്ഥിരമായി പൈപ്പ് പൊട്ടുന്നതെന്ന് നാട്ടുകാർ പറയുന്നു. കുടിവെള്ളം പാഴാകുന്നത് ജലവിതരണ വകുപ്പിനെ അറിയിച്ചാൽ കരാറുകാരാണ് നന്നാക്കേണ്ടതെന്ന് പറഞ്ഞ് ഒഴിയുന്നതോടെ ലക്ഷകണക്കിന് ലിറ്റർ കുടിവെള്ളമാണ് വേനൽക്കാലത്ത്  പാഴാകുന്നത്.അറ്റകുറ്റപണി നടത്തിയശേഷവും പമ്പിംഗ് തുടങ്ങുമ്പോൾ തന്നെ പൈപ്പ് സ്ഥിരമായി പൊട്ടുകയാണെന്നാണ് പരാതി. ഇതോടെ പമ്പ് ഹൗസിന് സമീപപ്രദേശത്ത് തന്നെ കുടിവെള്ളം കിട്ടാനില്ല .

വെള്ളൂരിൽ തന്നെ തോന്നല്ലൂർ, ചന്ദ്രമല ,മഠത്തേടം ,പള്ളികുന്ന് എന്നിവിടങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായി തുടരുമ്പോഴാണ് ഉദ്യോഗസ്ഥരുടെ ഈ അനാസ്ഥ .  ജലവിതരണവകുപ്പ് കരാറുകാർ നടത്തുന്ന അറ്റകുറ്റ പണിയെപറ്റിയും ഉദ്യോഗസ്ഥ ഒത്താശയും അന്വേഷിക്കണമെന്നാണ് ആവശ്യം.