വാൽപ്പാറയിൽ ആനക്കൂട്ടത്തിന്റെ കണക്കെടുപ്പ്; എണ്ണത്തില്‍ വര്‍ധന

വാല്‍പാറയിലെ ആനക്കൂട്ടത്തിന്റെ കണക്കെടുപ്പില്‍ ആദ്യദിനം സ്ഥിരീകരിച്ചത് ഇരുപത്തി നാലെണ്ണം. അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലാണ് കുട്ടികള്‍ ഉള്‍പ്പെടെയുള്ള ആനകളുടെ സാന്നിധ്യം െതളിഞ്ഞത്. മുന്‍വര്‍ഷത്തെ കണക്കില്‍ നിന്നും മുപ്പത് ശതമാനം വരെ എണ്ണത്തില്‍ വര്‍ധനയുണ്ടാകാമെന്നാണ് വനംവകുപ്പ് നിഗമനം. 

കോയമ്പത്തൂർ വനം ഡിവിഷന് കീഴുള്ള ഏഴ് റേഞ്ചുകളെ നാല്‍പ്പത്തി രണ്ട് ബ്ലോക്കായി തിരിച്ചാണ് കണക്കെടുപ്പ്. ആദ്യദിനത്തില്‍ തന്നെ ആനക്കൂട്ടത്തിന്റെ കൃത്യമായ സാന്നിധ്യം വനംവകുപ്പ് തിരിച്ചറിഞ്ഞു. നേരിട്ടുള്ള പരിശോധനയില്‍ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ ഇരുപത്തി നാല് കരിവീരന്മാര്‍. കൊമ്പനും പിടിയും കുട്ടിയുമെല്ലാം ഉള്‍പ്പെടും. സഞ്ചാരപാത, കാലടയാളം തുടങ്ങി കൃത്യമായ തെളിവുകള്‍ ശേഖരിച്ചാണ് ആനക്കൂട്ടത്തിന്റെ സാന്നിധ്യം മനസിലാക്കിയത്. വാല്‍പാറ മേഖലയില്‍ ആനകളുടെ എണ്ണം കാര്യമായി ഉയര്‍ന്നിട്ടുണ്ടെന്നാണ് വനംവകുപ്പിന്റെ നിഗമനം. പതിവായി വെള്ളം കുടിക്കാനെത്തുന്ന വഴി, വനത്തിലെ ജലലഭ്യതയുള്ള സ്ഥലം എന്നിവിടങ്ങളിലെല്ലാം വ്യത്യസ്ത രീതിയില്‍ പരിശോധിച്ചാണ് ആനക്കൂട്ടത്തിന്റെ അന്തിമപട്ടിക തയാറാക്കുക. വാല്‍പാറയിലെ കണക്കെടുപ്പില്‍ മാനാമ്പള്ളി റേഞ്ച് ഓഫീസർ മണികണ്ഠൻ, വാൽപാറ റേഞ്ച് ഓഫീസർ വെങ്കടേഷ് എന്നിവരോടൊപ്പം പ്രകൃതിസ്നേഹികളും പങ്കാളികളായി.