പവര്‍ ലിഫ്റ്റിങ്ങില്‍ നിരന്തര വിജയം കൈവരിക്കുന്ന ഒരു കുടുംബം

പവര്‍ ലിഫ്റ്റിങ്ങില്‍ നിരന്തര വിജയം കൈവരിക്കുന്ന ഒരു കുടുംബമുണ്ട് കൊച്ചിയില്‍. കാക്കനാട് സ്വദേശി ഷെഫിയും, ഭാര്യയും, മകളുമാണ് പവര്‍ ലിഫ്റ്റിങ്ങില്‍ പുതുചരിത്രമെഴുതുന്നത്. കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനൊരുങ്ങുകയാണ് ഈ കുടുംബം.  

എട്ടു വര്‍ഷമായി ജിം ട്രെയ്നറായ ഷെഫിക്ക് വ്യായാമവും പരിശീലനവും ജീവിത്തിന്‍റെ ഭാഗമാണ്. പവര്‍ ലിഫ്റ്റിംങ് ചാമ്പ്യന്‍ഷിപ്പില്‍ സംസ്ഥാന, ദേശീയ തലത്തില്‍ ജേതാവായ ഷെഫി മിസ്റ്റര്‍  കേരളയെന്ന  നേട്ടവും കൈവരിച്ചു. ഒപ്പം ഭാര്യയേയും ഇളയ മകളെയും ജിമ്മിലേയ്ക്ക് കൂട്ടി. 

കാല്‍മുട്ടിനേറ്റ പരുക്കിനെതുടര്‍ന്ന് ശസ്്ത്രക്രിയക്ക് തയാറെടുക്കുമ്പോള്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ് ഷെബീന ചെറിയ വ്യായാമങ്ങള്‍ ചെയ്ത് തുടങ്ങുന്നത്. ഭര്‍ത്താവിന്‍റെ പിന്തുണ കൂടിയായപ്പോള്‍ പങ്കെടുത്ത മല്‍സരങ്ങളിലെല്ലാം ജയം. 

സബ് ജൂനിയര്‍ പവര്‍ ലിഫ്റ്റിംങ് മല്‍സരത്തില്‍ ചാമ്പ്യനായാണ് മകള്‍ ആഷ്ണയുടെ അരങ്ങേറ്റം. ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ മല്‍സരാര്‍ത്ഥിയായിരുന്നു  ആഷ്ണ.

ജൂലൈയില്‍ വിശാഖപ്പട്ടണത്ത് നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പാണ് ദമ്പതികളുടെ അടുത്തലക്ഷ്യം.