വൈക്കം മറവൻതുരുത്തിൽ ആറു മാസമായി പൊട്ടിക്കിടക്കുന്ന കുടിവെള്ള പൈപ്പിലൂടെ ദിവസവും ലിറ്റർ കണക്കിന് വെള്ളം പാഴാകുന്നു. സ്വകാര്യ വ്യക്തിയുടെ പൈപ്പ് കണക്ഷനാണ് പൊട്ടിയതെന്ന് പറയുന്ന വാട്ടർ അതോറിറ്റി ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. 

കുളത്തിലും പറമ്പിലുമൊക്കെയായി കെട്ടിക്കിടക്കുന്നത് നാട്ടുകാർക്ക് കിട്ടേണ്ട കുടിവെള്ളമാണ്. സമീപപ്രദേശമായ  വെച്ചൂർ പഞ്ചായത്തിലുൾപ്പെടെ കുടിവെള്ളമെത്തിക്കാൻ ജലവിതരണവകുപ്പിന്  കഴിയാത്തപ്പോഴാണ് ഈ കാഴ്ച. പുരയിടത്തിൽ വെള്ളം നിറഞ്ഞ ഫലവൃക്ഷങ്ങൾ മറിഞ്ഞുവീണ് തുടങ്ങിയതോടെ  നാട്ടുകാർ കടുത്ത ആശങ്കയിലാണ്. വെള്ളക്കെട്ടിൽ ശുചിമുറി അപകടാവസ്ഥയിലാകുകയും  ടാങ്കിൽ വെള്ളം നിറയുകയും ചെയ്യുന്നതിനാൽ പ്രാഥമിക കാര്യങ്ങൾക്ക് പോലും കഴിയാത്ത സ്ഥിതിയിലാണ് ഈ സമീപവാസിയായ തങ്കപ്പന്റെ കുടുംബം. 

മാസങ്ങൾക്ക് മുമ്പ് തന്നെ വാട്ടർ അതോറിറ്റി ഓഫിസിലെത്തി ഇവർ പരാതി പറഞ്ഞിട്ടും ആരും തിരിഞ്ഞു നോക്കിയിട്ടില്ല. . പ്രദേശത്തേക്ക് പമ്പിംഗ് തുടങ്ങുന്നതോടെ പാഴാകുന്ന ശുദ്ധജലം ഒരടിയിലധികം ഉയരത്തിലാണ് പ്രദേശത്ത് നിറയുന്നത്. പലയിടത്തും ജലദൗർലഭ്യം രൂക്ഷമാകുമ്പോൾ വകുപ്പ് തുടരുന്ന അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

drinking water pipe connection burst in maravanthuruthu vaikom