ആലപ്പുഴ –കോട്ടയം ജില്ലകളെ ബന്ധിപ്പിച്ച് വേമ്പനാട് കായലിനു കുറുകെ നിര്‍മിക്കുന്ന  മാക്കേക്കടവ്–നേരെക്കടവ് പാലം നിര്‍മാണം പാതിവഴിയില്‍ നിലച്ചിട്ട് വര്‍ഷങ്ങള്‍. സര്‍ക്കാര്‍  അനാസ്ഥയുടെ നേര്‍ക്കാഴ്ചയായി പാലത്തിന്‍റെ തൂണുകള്‍ നോക്കുകുത്തിയായി കായലിലുണ്ട്. രണ്ടു ജില്ലകളിലെ ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ചങ്ങാടം മാത്രമാണ് ഇപ്പോള്‍ ആശ്രയം.

2016 ല്‍ നിര്‍മാണം തുടങ്ങിയ പാലമാണിത്.ഒന്നരവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം.രണ്ടുവര്‍ഷത്തോളമെടുത്ത് നിര്‍മാണം  ഇത്രത്തോളമെത്തിച്ചു  സ്ഥലമെടുപ്പിലെ തടസം, കോവിഡ് തുടങ്ങിയ കാരണത്താല്‍ നിര്‍മാണം തടസപ്പെട്ടു. വേമ്പനാട് കായലിനു കുറുകെ 800 മീറ്റര്‍ നീളത്തില്‍ 11 മീറ്റര്‍ വീതിയിലാണ് നിര്‍മാണം. 80 കോടിയാണ് കരാര്‍തുകഇരുചക്രവാഹനങ്ങള്‍ മാത്രം കയറ്റാവുന്ന ചങ്ങാടം മാത്രമാണ് ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ആശ്രയം. 

രാവിലെ 5.30 മുതല്‍ രാത്രിവരെ മാത്രമാണ് ചങ്ങാടം.രാത്രിയായാല്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് തണ്ണീര്‍മുക്കം ബണ്ട് വഴി യാത്ര ചെയ്യണംസ്ഥലം ഏറ്റെടുക്കലായിരുന്നു പ്രധാന തടസം.അത് കോടതി ഇടപെട്ട് പരിഹരിച്ചിട്ട് മാസങ്ങളായി. പാലം നിര്‍മാണത്തിന് പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി ലഭിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധി. 9 മാസം മുന്‍പ് ധനവകുപ്പിന് പിഡബ്ല്യുഡി നല്‍കിയ പുതുക്കിയ എസ്റ്റിമേറ്റ് നിര്‍ദേശങ്ങള്‍ ഇപ്പോഴും ഫയലില്‍ തന്നെ.