18 പന്നികള്‍ ചത്തു; തളിക്കോട് ഫാമില്‍ പന്നിപ്പനി

തൃശൂര്‍ തളിക്കോട് പന്നിഫാമില്‍ പന്നിപ്പനി സ്ഥിരീകരിച്ചു. പനി ബാധിച്ച 18 പന്നികള്‍ ചത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. 

തൃശൂര്‍ പാണ‍ഞ്ചേരിക്കടുത്ത് തളിക്കോട് ഫാമിലാണ് പന്നികള്‍ കൂട്ടത്തോടെ ചത്തത്. ഫാമിലെ 18 പന്നികള്‍ പനിമൂലം ചത്തതോടെയാണ് ആരോഗ്യവകുപ്പ് പരിശോധനക്കെത്തിയത്. സാംമ്പിളുകള്‍ ബംഗ്ലുരുവിലെ ലാബിലെത്തി പരിശോധിച്ചപ്പോള്‍ ആഫ്രിക്കന്‍ പന്നിപ്പനിയെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഫാമിലുള്ള ബാക്കി 450 പന്നികളെ കൊന്നെടുക്കാനുള്ള നടപടി ആരോഗ്യ വകുപ്പ് ആരംഭിച്ചു.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അ‍ടിയന്തര നടപടി സ്വീകരിച്ചതായും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഗ്രാമ പഞ്ചായത്ത് പ്രസി‍ഡണ്ട് പിപി രവീന്ദ്രന്‍ പറഞ്ഞു.