തണ്ടുതുരപ്പന്‍ പുഴുക്കളുടെ ആക്രമണം; 200 ഏക്കറോളം കൃഷി നശിച്ചു

തണ്ടുതുരപ്പൻ പുഴുക്കളുടെ ആക്രമണത്തിൽ വലഞ്ഞിരിക്കുകയാണ് തൃശൂർ നെടുമ്പാളിലെ കർഷകർ. കരിഞ്ഞുണങ്ങിയും തണ്ടു ചീഞ്ഞും 200 ഏകറോളം നെല്‍പ്പാടമാണ് നശിച്ചുപോകുന്നത്.

കടുത്ത വരൾച്ചക്കൊപ്പം തണ്ടുതുരപ്പൻ പുഴുവും കൂടി ആയതോടെ കടുത്ത ആശങ്കയിലാണ് തൃശൂർ നെടുമ്പാളിലെ നെൽ കർഷകർ. കീടനാശിനി പ്രയോഗിച്ചിട്ടും ഫലം കാണാത്തതോടെ കടുത്ത ദുരിതത്തിലാണ് കർഷകർ. കതിരുവന്ന നെൽച്ചെടികൾ പുഴു കാരണം കരിഞ്ഞുണങ്ങുകയാണ്. ഇത്തരത്തിൽ 200 ഏകറോളം നെല്പാടമാണ് പ്രദേശത്ത്‌ നശിച്ചത്.

നെടുമ്പാൾ ധനുകുളം, കോന്തിപുലം പാടശേഖരങ്ങളിലാണ് തണ്ടുതുരപ്പൻ പുഴുക്കളുടെ ആക്രമണം രൂക്ഷമായത്. പുഴുക്കളുടെ ശല്ല്യം മുമ്പ് ഉണ്ടായിരുന്നെങ്കിലും ഇത്ര വ്യാപകമാകുന്നത് ആദ്യമായിട്ടാണ്. 

30 വർഷത്തിനിടെ ഏറ്റവും മോശം അവസ്ഥയെന്നാണ് കർഷകർ പറയുന്നത്. കൃഷി നാശത്തോടെ കടുത്ത കടബാധ്യതയാണ് കർഷകരേ കാത്തിരിക്കുന്നത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി. നഷ്ടപരിഹാരം ലഭ്യമാകുമെന്നാണ് കർഷകർ ഓരോരുത്തരും പ്രതീക്ഷിക്കുന്നത്.