വേമ്പനാട്ട് കായൽ വൃത്തിയാക്കാൻ വെച്ചൂർ പഞ്ചായത്ത്; കൈപ്പുഴയാറ് മുതൽ തുടങ്ങും

മാലിന്യം തിങ്ങി നിറഞ്ഞ വേമ്പനാട്ട് കായലിൽ ശുചീകരണ പദ്ധതിയുമായി വൈക്കം വെച്ചൂർ പഞ്ചായത്ത്. വെച്ചൂർ പഞ്ചായത്തിലെ കൈപ്പുഴയാറ് മുതൽ പരിയാരം വരെയുള്ള ഏഴര കിലോമീറ്ററാണ് ശുചീകരിക്കുന്നത്. 

തണ്ണീർമുക്കം ബണ്ട് അടച്ചതോടെയാണ്  നീരൊഴുക്ക് നിലച്ച് പോളകൾ തിങ്ങി വേമ്പനാട്ട് കായൽ മലിനമായത്. മത്സ്യങ്ങളും കക്കയും ചത്തുപൊങ്ങുകയും തൊഴിലാളികൾക്ക് കായലിറങ്ങാൻ കഴിയാതാവുകയും ചെയ്തതോടെയാണ് പരാതി ഉയർന്നത്.  ഇതോടെ വെച്ചൂർ പഞ്ചായത്ത് സമീപ പഞ്ചായത്തുകളുടെ സഹകരണത്തോടെ ശുചീകരണ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചെങ്കിലും സഹകരണം ഉണ്ടായില്ല. 

പുത്തൻ കായലിലെയും വേമ്പനാട്ട്കായലിലെയും പുൽകെട്ടുകൾ യന്ത്രങ്ങളുടെ സഹായത്തോടെ കരക്കെത്തിക്കുകയാണ്. രണ്ടാഴ്ചകൊണ്ട് പദ്ധതി നടപ്പാക്കാനാണ് ശ്രമം.സമീപ പഞ്ചായത്തുകൾ കൂടി സഹകരിച്ചാൽ റ്റി.വി. പുരം മുതൽ കുമരകം വരെ ശുചികരണം സാധ്യമാവുമെന്ന് നാട്ടുകാരും പറയുന്നു.ഇതിനിടെ മാർച്ച് 15 ന് തുറക്കേണ്ട തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഉയർത്താനുള്ള നടപടികളും തുടങ്ങിയിട്ടില്ല. ശുചീകരണം പൂർത്തിയാകുന്നതോടെ വെച്ചൂരുകാരുടെയെങ്കിലും ദുരിതത്തിന് താൽക്കാലിക പരിഹാരമുണ്ടാവുമെന്നാണ് പ്രതീക്ഷ.