കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ തിരുവല്ലാ നഗരസഭാ സെക്രട്ടറിക്കെതിരെ കൂടുതല്‍ അന്വേഷണം. കൈക്കൂലി വാങ്ങി നഗരസഭയുടെ കടകള്‍ ലേലം ചെയ്യാതെ നല്‍കിയതിലാണ് വിജിലന്‍സ് അന്വേഷണം തുടരുന്നത്. കൗണ്‍സിലര്‍മാരെ കള്ളക്കേസുകളില്‍ കുടുക്കിയെന്നും സ്റ്റാലിന്‍ നാരായണനതിരെ പരാതിയുണ്ട്.

  

തിരുവല്ല നഗരസഭ സെക്രട്ടറിയായിരുന്ന സ്റ്റാലിന്‍ നാരായണന്‍റെ തിരുവനന്തപുരം നെടുമങ്ങാട്ടെ വീട്ടില്‍ നിന്നാണ് ബൈക്കും രേഖകളും കണ്ടെടുത്തത്. ഒരേ നമ്പരില്‍ രണ്ട് ബൈക്കുകള്‍ ഉപയോഗിച്ചതിന്‍റെ കാരണം വ്യക്തമല്ല. നാല് കോടി രൂപയുടെ സ്വത്തു വകകൾ കഴിഞ്ഞ മാസം റജിസ്റ്റർ ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരത്തിന് പുറമേ ആലപ്പുഴയിലും വീടുകളുണ്ട്.  ഖരമാലിന്യ സംസ്കരണത്തിനായി കരാറെടുത്ത കരാറുകാരനിൽ നിന്നും 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തിരുവല്ല മുൻസിപ്പൽ സെക്രട്ടറി സ്റ്റാലിന്‍ നാരായണനും ഓഫിസ് അറ്റൻഡന്റ്  ഹസീനബീഗവും കഴിഞ്ഞ ദിവസമാണ്  വിജിലൻസ് പിടിയിലായത്. സെക്രട്ടറിയുടെ ഒട്ടേറെ കൈക്കൂലി ഇടപാടുകളില്‍ അന്വേഷണം തുടരുകയാണ്. അനധികൃത സ്വത്തു സമ്പാദനം പ്രത്യേകം അന്വേഷിക്കും. കടമുറികള്‍ ലേലം ചെയ്യാതെ കൊടുത്തതില്‍ അന്വേഷണം നടക്കുകയായിരുന്നു. ചെങ്ങന്നൂര്‍ നഗരസഭയിലിരിക്കെ  ഭരണസമിതിയുമായി നിരന്തരം സംഘര്‍ഷത്തിലായിരുന്നു. കൗണ്‍സിലര്‍മാരെ കള്ളക്കേസുകളില്‍ കുടുക്കിയതായും പരാതിയുണ്ട്.  

Further investigation against Thiruvalla Municipal Secretary