വേതന വര്‍ധന; സ്വകാര്യ ആശുപത്രി നഴ്സുമാര്‍ സമരം ശക്തമാക്കുന്നു

വേതന വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്സുമാര്‍ സമരം ശക്തമാക്കുന്നു. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ ജില്ലകള്‍ തോറും പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. എറണാകുളം ജില്ലയില്‍ നടന്ന സമര പ്രഖ്യാപന കണ്‍വെന്‍ഷനില്‍ അഞ്ഞൂറിലേറെ പേര്‍ പങ്കെടുത്തു. പ്രതിദിനവേതനം 1500 രൂപയാക്കി ഉയര്‍ത്തുക, ജോലി സമയം ക്രമീകരിക്കുക, കരാര്‍ സേവനങ്ങള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നഴ്സുമാരുടെ സമരം.

വര്‍ഷങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്ക് ആശുപത്രി അധികൃതര്‍ മുഖം തിരിച്ചതോടെയാണ് സമരം കടുപ്പിക്കുന്നത്. ഒടുവില്‍ ശമ്പള വര്‍ധനയുണ്ടായത് അഞ്ച് വര്‍ഷം മുന്‍പ്. അതും നാമമാത്രം. അവഗണന തുടര്‍ന്നാല്‍ സമരത്തിന്‍റെ ഗതിമാറുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ മാസം തൃശൂര്‍ ജില്ലയില്‍ സൂചന പണിമുടക്ക് നടത്തിയിരുന്നു. വരും ദിവസങ്ങളില്‍ മറ്റ് ജില്ലകളിലേക്കും സമരം വ്യാപിപ്പിക്കാനാണ് നഴ്സുമാരുടെ തീരുമാനം.

Private hospital nurses intensify their strike