എറണാകുളം നോർത്തിൽ ട്രോളി പാത്ത് വഴി പാളം മുറിച്ച് കടക്കേണ്ട ഗതികേടിൽ യാത്രക്കാർ

എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷനിൽ ബദൽ മാർഗങ്ങൾ ഒരുക്കാതെ കാൽനടയാത്രക്കാർക്കുള്ള മേൽപ്പാലത്തിൽ അറ്റകുറ്റപ്പണി തുടരുന്നു. മേൽപ്പാലം അടച്ചിട്ടതോടെ ട്രോളി പാത്ത് വഴിയാണ് യാത്രക്കാർ പാളം മുറിച്ചുകടക്കുന്നത്. പത്തു ദിവസം മുൻപാണ് എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷനിലെ കാൽനടയാത്രക്കാർക്കുള്ള മേൽപ്പാലം അറ്റകുറ്റപ്പണിക്കായി അടച്ചത്. പലയിടത്തും കേടുപാടുകൾ സംഭവിച്ചതിനാൽ ഒന്നാം പ്ലാറ്റ് ഫോമിൽ നിന്നു രണ്ടിലേക്കുള്ള മേൽപാലം ബലപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. 

ഒരാഴ്ചയ്ക്കകം  പൂർത്തിയാക്കും എന്നാണ് അറിയിച്ചിരുന്നെങ്കിലും ഇതുവരെ അറ്റകുറ്റപ്പണി എങ്ങുമെത്തിയിട്ടില്ല. ഇതോടെ ട്രോളി പാത്ത് വഴി പാളം മുറിച്ച് കടക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. റെയിൽവെ സ്റ്റേഷന്റെ തെക്കേ അറ്റത്താണ് ട്രോളി പാത്ത്. അതുകൊണ്ടുതന്നെ ഏറെ ദൂരം നടന്നുവേണം യാത്രക്കാർക്ക് ഇരു പ്ലാറ്റ്ഫോമുകളിലേക്കും പോകാൻ. അപകടകരമായ രീതിയിലാണ് പലപ്പോഴും യാത്രക്കാർ പാളങ്ങൾ മുറിച്ചു കടക്കുന്നത്. പാളത്തിനിടയിൽ കാൽ കുടുങ്ങി യാത്രക്കാർ നിലത്തു വീഴുന്നതും പതിവാണ്. അറ്റകുറ്റപ്പണി പൂർത്തിയാകാൻ ഇനിയും സമയമെടുക്കും എന്നതിനാൽ യാത്രക്കാരുടെ ദുരിതം അടുത്തൊന്നും തീരില്ലെന്ന് ഉറപ്പ്.