തൃശൂരിലും നിക്ഷേപതട്ടിപ്പ്; ഉടമയുടെ വീട്ടുപടിക്കൽ നിക്ഷേപകരുടെ പ്രതിഷേധം

ഇടപാടുകാരെ വഞ്ചിച്ച് മുങ്ങിയ തൃശൂര്‍ വടൂക്കരയിലെ ധന്‍വ്യവസായ കമ്പനി ഉടമയുടെ വീട്ടുപടിക്കല്‍ നിക്ഷേപകരുടെ പ്രതിഷേധം. വീടിനു മുമ്പില്‍ റീത്ത് സ്ഥാപിച്ചു. കുടുംബം ഒന്നടങ്കം ഒളിവിലാണ്. തൃശൂരിലെ പ്രധാനപ്പെട്ട ക്ലബ്ബുകളിലെ അംഗങ്ങളായ ഒട്ടേറെ പേരുടെ പണം നഷ്ടപ്പെട്ടു. 

തൃശൂര്‍ വടൂക്കരയില്‍ അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ധനകാര്യ സ്ഥാപനത്തിന്റെ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് ധന്‍വ്യവസായ കമ്പനിയുടെ പിറവി. പി.ഡി.ജോയിയും ഭാര്യയും മക്കളും മാത്രം ഡയറക്ടര്‍മാര്‍. സാധാരണക്കാരുടേത് മാത്രമല്ല വലിയ ബിസിനസുകാരുടെ പണവും ഇവിടെ നിക്ഷേപിച്ചിരുന്നു. തൃശൂരിലെ ഒട്ടുമിക്ക ക്ലബ്ബുകളിലും അംഗത്വമുണ്ട് പി.ഡി.ജോയിക്ക്. ക്ലബ് അംഗങ്ങള്‍ക്ക് ഇടയ്ക്കിടെ പാര്‍ട്ടി നല്‍കിയാണ് സ്വീകാര്യത ഉറപ്പിച്ചത്. പലിശയ്ക്കു കടംകൊടുത്ത് കിട്ടുന്ന ലാഭം നിക്ഷേപകര്‍ക്കു തിരിച്ചു നല്‍കുകയാണെന്ന് വിശ്വസിപ്പിച്ചു. ഓരോ പ്രാവശ്യവും ക്ലബുകളില്‍ നിന്ന് ജോയി മടങ്ങുമ്പോള്‍ കൈനിറയെ നിക്ഷേപം കിട്ടുമായിരുന്നു. അത്രയ്ക്കു വിശ്വാസമായിരുന്നു. പക്ഷേ, കോവിഡിനു ശേഷം നിക്ഷേപങ്ങളുടെ വരവ് നിലച്ചതോടെ പണ ഇടപാടുകളുടെ ചങ്ങലപ്പൊട്ടി. 

ദമ്പതികള്‍ക്കെതിരെ തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചിട്ടും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അക്കൗണ്ട് മുഖേന പണം കൈമാറിയവര്‍ ഒട്ടേറെയുണ്ട്. കള്ളപ്പണം നിക്ഷേപിച്ചവരും ഏറെ. കൂലിപ്പണിയെടുത്ത് വേതനം നിക്ഷേപം  നിക്ഷേപിച്ചവരും ഏറെയുണ്ട്. ആദയനികുതി വകുപ്പിന്റെ അന്വേഷണം വരുമെന്ന് പറഞ്ഞ് പരാതിക്കാരെ പൊലീസ് പിന്തിരിപ്പിച്ചതായി പറയുന്നു. ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. ലോക്കല്‍ പൊലീസില്‍ നിന്ന് കിട്ടാത്ത നീതി, ക്രൈംബ്രാഞ്ചില്‍ നിന്ന് കിട്ടുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍.