തരിശുനിലം പഴങ്കഥ; പാറപ്പള്ളി പാടശേഖരത്ത് നൂറുമേനിയുടെ വിളവെടുപ്പ്

തരിശുപാടത്തെ പഴങ്കഥയാക്കി മീനച്ചില്‍ പഞ്ചായത്തിലെ പാറപ്പള്ളി പാടശേഖരത്ത് നൂറുമേനിയുടെ വിളവെടുപ്പ്. കാല്‍നൂറ്റാണ്ടിലധികമായി തരിശ് കിടന്ന പാടത്ത് മീനച്ചിൽ പഞ്ചായത്തും കൃഷിഭവനും ചേർന്നാണ് കൃഷി ഇറക്കിയത്. കൊയ്ത്തുത്സവം സഹകരണ മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. 

കാല്‍ നൂറ്റാണ്ടായി തരിശുകിടക്കുകയായിരുന്നു പത്ത് ഏക്കര്‍ വരുന്ന പാറപ്പള്ളി പാടശേഖരം. ഒരുകാലത്ത് മികച്ച വിളവെടുത്തിരുന്ന പാടം പിന്നീട് തരിശായി മാറുകയായിരുന്നു. മീനച്ചില്‍ പഞ്ചായത്തും, കൃഷിഭവനും ചേര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ 'ഞങ്ങളും കൃഷിയിലേ'യ്ക്ക് പദ്ധതിയുടെ ഭാഗമായാണ് ഇവിടെ കൃഷിയിറക്കിയത്. പിന്നാലെ നൂറുമേനി വിളവും 

നെല്‍കൃഷി വിളവെടുപ്പിനോടനു ബന്ധിച്ച് നടത്തിയ കൊയ്ത്തുത്സവത്തിന് എത്തിയ മന്ത്രിയെ നാട്ടുകാര്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് വരവേറ്റത്. മന്ത്രി വിഎന്‍ വാസവന്‍ ആദ്യ വിളവെടുത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ തരിശു ഭൂമി ഏറ്റെടുത്ത് നെല്‍കൃഷി ഇറക്കി മികച്ച വിളവ് നേടിയ പഞ്ചായത്തിനെയും, പദ്ധതിയുമായി സഹകരിച്ച കര്‍ഷകരെയും മന്ത്രി അഭിനന്ദിച്ചു. 

പാടശേഖരം കൃഷിക്ക് വിട്ടുനല്‍കിയ കർഷകരെ ചടങ്ങിൽ ആദരിച്ചു. മികച്ച വിളവ് ലഭിച്ചതിന്റെ ആത്മവിശ്വാസത്തില്‍ കൃഷി തുടരാനാണ് പഞ്ചായത്തിന്റെയും കര്‍ഷകരുടെയും തീരുമാനം. സമ്മേളനത്തില്‍ ജോസ് കെ മാണി എംപിയും പങ്കെടുത്തു