ഇടുക്കി മലങ്കര ഡാമിന്‍റെ ഷട്ടറുകളുടെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു

തകരാര്‍ ഉണ്ടെന്ന് കണ്ടെത്തിയ ഇടുക്കി മലങ്കര ഡാമിന്‍റെ ഷട്ടറുകളുടെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ വെള്ളത്തിനടിയില്‍ ചെന്നാണ് തകരാര്‍ പരിഹരിക്കുന്നത്. കൂടുതല്‍ ജോലികള്‍ക്കായി മുങ്ങല്‍ വിദഗ്ധരുടെ സഹായം തേടും.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയ അണക്കെട്ടാണ് മലങ്കര. ഇവിടെ ഷട്ടറുകളുടെ അറ്റകുറ്റപ്പണി നടത്തിയിട്ട് നാളേറെയായി. ഷട്ടറുകള്‍ക്കിടയിലൂടെയും ഗാലറിയിലും ചോര്‍ച്ചയുണ്ട്.. ഇത് പരിഹരിക്കണമെന്ന് ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നെങ്കിലും നടന്നിരുന്നില്ല. കാരണം, ഷട്ടര്‍ നവീകരിക്കണമെങ്കില്‍ ജലനിരപ്പ് വന്‍ തോതില്‍ താഴ്ത്തണം. അങ്ങനെ ചെയ്താല്‍ ഏഴ് പഞ്ചായത്തുകളിലെ ജനങ്ങളുടെ കുടിവെള്ളം മുട്ടും.. ഒടുവില്‍ വെള്ളം നഷ്ടപ്പെടുത്താതെ തന്നെ ഷട്ടറുകള്‍ നവീകരിക്കാന്‍ ജലസേചന വകുപ്പ് തീരുമാനിച്ചു.. 

അങ്ങനെയാണ് വെള്ളത്തിനടിയില്‍ ചെന്നുള്ള ജോലികളിലേക്ക് കടന്നത്. ഉദ്യോഗസ്ഥര്‍ വെള്ളത്തിനടിയില്‍ ചെന്ന് മൂന്ന് ഷട്ടറുകളുടെ റോപ്പുകള്‍ മാറ്റിസ്ഥാപിച്ചു. ബാക്കിയുള്ളവ നന്നാക്കാന്‍ മുങ്ങല്‍ വിദഗ്ധരെ ആവശ്യമാണ്.

ജൂണിന് മുമ്പ് അറ്റകുറ്റപ്പണിയെല്ലാം പൂര്‍ത്തിയാക്കാനാണ് ആലോചന. ജോലി കാരണം ജനങ്ങളുടെ കുടിവെള്ളം മുടങ്ങരുതെന്ന് കര്‍ശന നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.