സമാശ്വാസ പദ്ധതി വിഹിതം അട്ടിമറിച്ചു; പ്രതിഷേധവുമായി പരമ്പരാഗത മല്‍സ്യത്തൊഴിലാളി സമിതി

സമാശ്വാസ പദ്ധതി വിഹിതം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെ പ്രതിഷേധവുമായി പരമ്പരാഗത മല്‍സ്യത്തൊഴിലാളി സമിതി. പ്രളയകാലത്തെ സഹായത്തിന് വാനോളം പുകഴ്ത്തിയവര്‍ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നുവെന്ന് ആരോപിച്ച് കൊച്ചി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്ക് മല്‍സ്യത്തൊഴിലാളികള്‍ മാര്‍ച്ചു ധര്‍ണയും നടത്തി.  

സമാശ്വാസ പദ്ധതി വിഹിതം സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്നാണ് സമരക്കാരുടെ പ്രധാന ആക്ഷേപം. കേന്ദ്ര വിഹിതം ലഭിക്കുന്നില്ലായെന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ന്യായം. കഴിഞ്ഞ വര്‍ഷത്തെ പദ്ധതി വിഹിതം പോലും മുഴുവനായി തരുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും സമരക്കാര്‍ ആരോപിച്ചു. പരമ്പരാഗത മത്സ്യത്തൊഴിലാളി  സമിതി സംസ്ഥാന  സെക്രട്ടറി ചാള്‍സ് ആന്‍റണി ഉദ്ഘാടനം ചെയ്തു.ഭവന വായ്പ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതിനെതിരെയും പ്രതിഷേധമുയര്‍ന്നു. ഫിഷറീസ് ഫണ്ട് ബോര്‍ഡും മല്‍സ്യഫെഡും എന്തിനെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഈ അവസ്ഥ തുടര്‍ന്നാല്‍ സംസ്ഥാനമൊട്ടാകെ പണിമുടക്കി പ്രതിഷേധിക്കുമെന്നും സമരക്കാര്‍ പ്രഖ്യാപിച്ചു.