ഈരാറ്റുപേട്ട മുട്ടംകവലയിൽ റൗണ്ടാനയില്ലാത്ത അപകടത്തിന് കാരണമാകുന്നു

ഈരാറ്റുപേട്ട നഗരത്തിലെ തിരക്കേറിയ ജംഗ്ഷനായ മുട്ടംകവലയില്‍ റൗണ്ടാനയില്ലാത്ത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. താല്‍ക്കാലികമായി പലതവണ റൗണ്ടാന സ്ഥാപിച്ചെങ്കിലും അവയെല്ലാം വാഹനമിടിച്ച് തകര്‍ന്നു. 3 റോഡുകള്‍ ചേരുന്ന ജംഗ്ഷനില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി .

80 കോടി രൂപ ചെലവിലാണ് മുട്ടം ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡ് അന്താരാഷ്ട്രനിലവാരത്തിലേയ്ക്ക് ഉയര്‍ത്തിയത്. എന്നാലിപ്പോൾ കാഞ്ഞിരപ്പള്ളി, പാലാ, തൊടുപുഴ റോഡുകള്‍ സന്ധിക്കുന്ന ഈരാറ്റുപേട്ട മുട്ടം കവലയില്‍ റൗണ്ടാനയുടെ അഭാവമാണ് അപകടത്തിനിടയാക്കുന്നത്. വാഹനങ്ങള്‍ തോന്നുംപടി കടന്നുപോകുന്നതോടെ നിത്യേനയെന്നോണം അപകടങ്ങൾ ഉണ്ടാവുന്നു 

വീപ്പകള്‍ സ്ഥാപിച്ചും ടയറുകള്‍ അടുക്കിയും കോണ്‍ക്രീറ്റിംഗ് നടത്തിയും താല്‍ക്കാലിക റൗണ്ടാനകള്‍ സ്ഥാപിച്ചെങ്കിലും ഇവയെല്ലാം വാഹനമിടിച്ചു തകര്‍ന്നു. ബലവത്തായ രീതിയില്‍ റൗണ്ടാന സ്ഥാപിച്ചാലേ പ്രശ്‌നപരിഹാരമാകൂ എന്ന് അപകടങ്ങള്‍ക്ക് സ്ഥിരം സാക്ഷികളായ ജംഗ്ഷനിലെ ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നു. 

റോഡ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ കമ്പനിയാണ് നിര്‍മാണവും പരിപാലനവും നിര്‍വഹിക്കുന്നത്. വേണ്ടത്ര വീതി ഇവിടെയില്ലാത്തതാണ് റൗണ്ടാന സ്ഥാപിക്കുന്നതിന് തടസ്സമെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. എന്നാല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ കൃത്യമായ സജ്ജീകരണങ്ങൾ ഒരുക്കിയേ മതിയാവൂ എന്നാണ് നാട്ടുകാർ പറയുന്നത്