വനമേഖലയിൽ ചന്ദനമരക്കൊള്ള; വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയെന്ന് ആരോപണം

തൃശൂര്‍ മച്ചാട് വനമേഖലയില്‍ ചന്ദനമരങ്ങള്‍ മുറിച്ചതായി വനംവകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഇരുപത്തിരണ്ടു ചന്ദനമരങ്ങളാണ് മുറിച്ചത്.

മരംമുറിയ്ക്കു പിന്നില്‍ കഴിഞ്ഞ മാസം അറസ്റ്റിലായ തമിഴ്നാട് സേലം സ്വദേശികളാണെന്ന് സൂചനയുണ്ട്. മച്ചാട് റേഞ്ചിന് കീഴിലുള്ള ചേപ്പലക്കോട് കാപ്പി പ്രദേശത്തായിരുന്നു ചന്ദനമരങ്ങള്‍ മുറിച്ചിട്ടത്. വിറക് ശേഖരിക്കാന്‍ പോയവരായിരുന്നു ആദ്യം കണ്ടത്. ഇവര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ മനോരമ ന്യൂസ് സംപ്രേഷണം ചെയ്തതിനു പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനിറങ്ങി. അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എം.എ.അനസും സംഘവുമായിരുന്നു അന്വേഷണം നടത്തിയത്. പൂര്‍ണ വളര്‍ച്ച എത്താത്ത മരങ്ങളായിരുന്നു അധികവും. കാതലില്ലാത്തതിനാല്‍ അവ ഉപേക്ഷിച്ചെന്നാണ് സംശയം. മുറിച്ച മരങ്ങള്‍ വനത്തില്‍ നിന്ന് കടത്തിയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. മരംമുറിച്ച കടത്തിയ തമിഴ്നാട് സ്വദേശികളെ വനംവകുപ്പ് ഈയിടെ പിടികൂടിയിരുന്നു. ഇതിലൊരാള്‍ മച്ചാട് വന്നതായും വിവരം ലഭിച്ചു. ഇവരെ, ചോദ്യംചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങും. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയിലാണ് മരം മുറിയെന്ന നാട്ടുകാരുടെ ആരോപണവും അന്വേഷിക്കുന്നുണ്ട്.