മടവീഴ്ച; വീടുകൾ വെള്ളത്തിൽ; കൈനകരിയില്‍ ദുരിതം ഒഴിയുന്നില്ല

ആലപ്പുഴ കൈനകരിയില്‍ പാടത്തെ മടവീഴ്ച മൂലം ദുരിതമനുഭവിക്കുന്നവരില്‍ മൂന്ന് ലക്ഷം വീട് കോളനികളും. നല്ല വീടോ വഴിയോ ഇല്ലാത്തതിന്‍റെ ദുരിതം പേറുമ്പോള്‍ തന്നെയാണ് മടവീഴ്ചയില്‍ വെള്ളം ഇരച്ചുകയറി വീടുകള്‍ മുങ്ങിയത്. കൈനകരി ഇരുമ്പനം പാടത്തെ മടവീഴ്ച കാരണമുണ്ടായ വെള്ളപ്പൊക്കം ഒരു മാസമായി തുടരുകയാണ്. 

ആലപ്പുഴ  കൈനകരി ഇരുമ്പനം പാടശേഖരത്തിന് സമീപമുള്ള പ്രദേശങ്ങളില്‍ വെള്ളം പൊങ്ങിയിട്ട്  ഒരു മാസമായി. . ഈ പ്രദേശത്തെ മൂന്ന് ലക്ഷം വീട് കോളനിയിലെ വീടുകളും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മിച്ച ഈ വീടുകളില്‍ പലതും ജീര്‍ണിച്ച നിലയിലായിരുന്നു.അതിനിടയിലാണ്  മടവീണ് വീടും വെള്ളത്തില്‍ മുങ്ങിയതോടെ ദുരിതം ഇരട്ടിയായി.

ലൈഫ് പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടും പലരുടെയും അപേക്ഷകള്‍ പരിഗണിച്ചില്ല. ഏതുനിമിഷവും  തകര്‍ന്നുവീഴാവുന്ന വീടുകളിലാണ് ഇവരെല്ലാം താമസിക്കുന്നത്. വെള്ളം ഉയര്‍ന്നതോടെ ഭൂരിഭാഗം കുടംബങ്ങളും വാടകവീടുകളിലേക്കും ബന്ധുവീടുകളിലേക്കും മാറിയിരുന്നു. പ്രായമായവരും രോഗികളായതിനാല്‍ പുറത്തേക്ക് ഇറങ്ങാനാവത്തവരുമാണ് ഇപ്പോള്‍ വീടുകളില്‍ ഉള്ളതില്‍ അധികവും.