ഉപ്പുത്തറയിലെ ഷോപ്പിങ് കോംപ്ലക്സ് എബിസി കേന്ദ്രമാക്കാനുള്ള നീക്കം പിൻവലിച്ചു

ഇടുക്കി ഉപ്പുതറ ചപ്പാത്ത് ടൗണിൽ നിർമാണത്തിലിരിക്കുന്ന ഷോപ്പിങ് കോംപ്ലക്സ്,   എ.ബി.സി. കേന്ദ്രമാക്കാനുളള നീക്കം വ്യാപക പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചു.  ചപ്പാത്തിൽ പരിശോധനക്ക് എത്തിയ  മൃഗസംരക്ഷണ വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ  പ്രദേശവാസികൾ വ്യാപക പ്രതിഷേധമുയർത്തി. തുടർന്നാണ് തീരുമാനം മാറ്റിയത്

2013 ൽ നിർമ്മാണം തുടങ്ങിയ ബഹുനില കെട്ടിടം പൂർത്തിയാക്കി ഉടൻ തുറന്നു കൊടുക്കാനുളള തീരുമാനത്തിനിടെയാണ് അനിമൽ ബെർത്ത് കൺട്രോൾ സെന്ററാക്കാൻ ജില്ല ഭരണകൂടം തീരുമാനിച്ചത്. പദ്ധതി നടപ്പിലാക്കേണ്ട  കട്ടപ്പന  ബ്ലോക്ക് പഞ്ചായത്തും, സ്ഥലത്തിന്റെ ഉടമസ്ഥാവകാശമുള്ള ഉപ്പുതറ പഞ്ചായത്തും സബ് കലക്ടർ വിളിച്ച യോഗത്തിൽ ശക്തമായ എതിർപ്പ്  അറിയിച്ചിട്ടും തീരുമാനവുമായി മുന്നോട്ടു പോകുകയായിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ്  മൃഗസംരക്ഷണ വകുപ്പ് ജില്ല ഓഫീസർ ഡോ.ബിനോയ് .പി മാത്യൂവിന്റെ നേതൃത്വത്തിൽ സംഘം എത്തിയത്. 

എന്നാൽ വിവരം അറിഞ്ഞ നാട്ടുകാർ  പ്രതിഷേധവുമായി രംഗത്തെത്തി .നാട്ടുകാർക്ക് പിന്തുണയുമായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളുമെത്തി.  ജനവാസ മേഖല ആയതിനാൽ ഉണ്ടാകാനിടയുളള ബുദ്ധിമുട്ടുകളും ,ഡി.എം.ഒ യുടെ ചുമതലയിൽ വണ്ടൻമേട്ടിലുള്ള  ടി.ബി. ട്രെയിനിങ് സെന്ററിന്റെ കെട്ടിടം ഏറ്റെടുക്കണമെന്ന നിർദേശവും കലക്ടർ അധ്യക്ഷനായ കമ്മറ്റിക്കു മുന്നിൽ വയ്ക്കുമെന്ന് ജില്ല ഓഫീസർ അറിയിച്ചു. മുൻപ് കോവിഡ് സെന്ററായി പ്രവർത്തിച്ചിരുന്ന വണ്ടൻമേട്ടിലെ  കെട്ടിടം ജനവാസ മേഖലയിലല്ല . എന്നാൽ ചപ്പാത്തിലെ കെട്ടിടം ടൗണിനു നടുവിലാണ്.തൊട്ടടുത്ത് ശബരിമല ഇടത്താവളമായ അയ്യപ്പ ക്ഷേത്രവും, ഹോട്ടലുകൾ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളുമുണ്ട്.