മാലിന്യനീക്കത്തിനായി വാങ്ങിയ വാഹനം തുരുമ്പെടുത്ത് നശിക്കുന്നു

വടക്കന്‍ പറവൂരില്‍ നഗരസഭ മാലിന്യനീക്കത്തിനായി ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ വാഹനം തുരുമ്പെടുത്ത് നശിക്കുന്നു. ബോഡി നിര്‍മിക്കാന്‍ പണം വകയിരുതാത്തതിനാല്‍ വാഹനം ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ദിവസേന അയ്യായിരം രൂപയോളം വാടകയ്ക്ക് വാഹനം വിളിച്ചാണ് നിലവില്‍ നഗരസഭയിലെ മാലിന്യ നീക്കം.

നഗരത്തിലെ മാലിന്യം നീക്കാന്‍ ചെയ്യാന്‍ പതിനാല് ലക്ഷം രൂപ ചെലവഴിച്ച് ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് വാഹനം വാങ്ങിയത്. ഇതുവരെ ഒരിക്കല്‍ പോലും വാഹനം ഉപയോഗിക്കേണ്ടിവന്നിട്ടില്ല. മാലിന്യം കയറ്റണമെങ്കില്‍ അതിന് പര്യാപ്തമായ രീതിയില്‍ ബോഡി നിര്‍മിക്കേണ്ടതുണ്. എന്നാല്‍ ഇതിനാവശ്യമായ ഫണ്ട് നീക്കിവെക്കുന്ന കാര്യം നഗരസഭ മറന്നു. ചുരുങ്ങിയത് അഞ്ച് ലക്ഷം രൂപയെങ്കിലും ബോഡി നിര്‍മാണത്തിന് ആവശ്യം വരും. പ്രതിപക്ഷ കൗണ്‍സിലര്‍മാരുള്‍പ്പെടെ പ്രതിഷേധമായെത്തിയെങ്കിലും ഫണ്ടില്ലെന്നാണ് മറുപടി. 

ഫണ്ടില്ലെന്ന് പറയുന്ന നഗരസഭ ദിവസേന 4500നിരക്കിലാണ് മാലിന്യം നീക്കം ചെയ്യുന്നത്. ഇതുവഴി മാസം ഒന്നേക്കാല്‍ ലക്ഷത്തിലേറെ രൂപയാണ് ചെലവഴിക്കുന്നത്. മാലിന്യനീക്കത്തിന്‍റെ മറവില്‍ അഴിമതിയുണ്ടെന്ന ആരോപണം ബലപ്പെടാനുള്ള കാരണവും ഇതാണ്. പുതിയ വാഹനം നിരത്തിലിറക്കാന്‍ അടിയന്തിര ഇടപെടലുണ്ടായില്ലെങ്കില്‍ ആര്‍ക്കും ഉപകാരപ്പെടാതെ പാഴാകുന്നത് ലക്ഷങ്ങളാണ്.