എസ്ബി കോളജില്‍ സംവിത്–2.0 മെഗാ എക്സിബിഷന്‍ സംഘടിപ്പിച്ചു

ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ചങ്ങനാശേരി എസ്ബി കോളജില്‍ സംവിത്–2.0 മെഗാ എക്സിബിഷന്‍ സംഘടിപ്പിച്ചു. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തിനാണ് കോളജ് വേദിയാകുക. കലാ–ശാസ്ത്ര വിഷയങ്ങളെ ആസ്പദമാക്കി നിരവധി സ്റ്റാളുകള്‍ കോളജില്‍ ഒരുങ്ങി. സ്കൂള്‍ വിദ്യാര്‍ഥികളുള്‍പ്പെടെ ഒട്ടേറെ പേരാണ് പ്രദര്‍ശനം കാണാനായി എത്തുന്നത്. 

ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സംവിത് – 2.0 എന്ന മെഗാ പ്രദര്‍ശനം വിജ്ഞാനത്തിന്‍റെയും വിനോദത്തിന്‍റെയും ഹബായി മാറുകയാണ്. ഐഎസ്ആര്‍ഒ, ഇന്ത്യന്‍ നേവി, ഇന്ത്യന്‍ ആര്‍മി, കലാ, ശാസ്ത്രം തുടങ്ങിയ നിരവധി സ്റ്റാളുകളാണ് കാംപസില്‍ ഒരുക്കിയിട്ടുള്ളത്. പ്രദര്‍ശനത്തോടൊപ്പം വൈകുന്നേരങ്ങളില്‍ കലാസന്ധ്യയും സംഘടിപ്പിക്കുന്നു. 

കോളജിലെ കംപ്യൂട്ടര്‍ സയന്‍സ് ഡിപാര്‍ട്ട്മെന്‍റ് ഒരുക്കുന്ന നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള പ്രദര്‍ശനവും, മനുഷ്യശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ അടുത്തറിയുന്ന മെഡിക്കല്‍ കോളജുകളുടെ സ്റ്റാളും പ്രദര്‍ശനത്തിന്‍റെ ശ്രദ്ധാകേന്ദ്രമാണ്. ഇതോടൊപ്പം വാണിജ്യസ്റ്റാളുകള്‍ , പുസ്തകശാലകള്‍ , ആര്‍ട്ട് ഗാലറികള്‍ , കഫേടീരിയകള്‍ തുടങ്ങിയവയും സജീകരിച്ചിട്ടുണ്ട്.