സ്കൂളിന് സമീപം തുറന്ന്കിടക്കുന്ന കാന; അപകടഭീഷണി

കൊച്ചി തൃശൂർ ദേശീയ പാതയിൽ അങ്കമാലി സെൻ്റ് ജോസഫ് സ്കൂളിന് മുൻവശത്ത് തുറന്നുകിടക്കുന്ന കാന അപകട ഭീക്ഷണി ഉയർത്തുന്നു. സ്കൂൾ വിദ്യാർഥികളും തൊട്ടടുത്ത കപ്പേളയിൽ  ആരാധനക്കായി എത്തുന്നവരും ഏറെ പണിപ്പെട്ടാണ് ഇതുവഴി കടന്നുപോകുന്നത്. 

ദേശീയപാതയിൽ അങ്കമാലി സെൻ്റ് ജോസഫ് സ്കൂളിനും, കപ്പേളയ്ക്കും മുൻപിലുള്ള കാനയുടെ സ്ലാബാണ്  മാറികിടക്കുന്നത്. മഴ സമയങ്ങളിൽ കാന നിറഞ്ഞ് വെള്ളം ഒഴുകി പോകാത്ത അവസ്ഥയായിരുന്നു. സ്ലാബ് മാറ്റിവെച്ചതോടെ വെള്ളം റോഡിലേക്ക്  പരന്നൊഴുകി. ഈ ഭാഗത്ത് അതിരൂക്ഷമായ വെളളക്കെട്ടാണ് അനുഭവപ്പെടുന്നത്. ഒട്ടേറെ വിദ്യാർഥികളും, കപ്പേളയിൽ ആരാധനക്കായി എത്തുന്നവരും ഈ  വഴിയാണ് നടന്നുപോകുന്നത്. കാന തുറന്നു കിടക്കുന്നതിനാൽ കുഴിയിൽ വീണ് അപകടം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ അധികൃതർ  ഇടപ്പെട്ട് തുറന്നുകിടക്കുന്ന ഭാഗത്ത് അറ്റകുറ്റപണി നടത്തി അപകടസാധ്യത ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.