മണ്ണും ചെളിയും തോടരികിൽ തന്നെ; ലക്ഷങ്ങളുടെ കനാൽ ആഴംകൂട്ടൽ പദ്ധതി പാഴായി

 വൈക്കം കെ.വി. കനാൽ ആഴം കൂട്ടിയതിനെ തുടർന്നുണ്ടായ  മണ്ണും ചെളിയും തോടരുകിൽ നിന്ന്  യഥാസമയം നീക്കാത്തതോടെ 7 ലക്ഷം രൂപ മുടക്കി നടപ്പിലാക്കിയ പദ്ധതി വെറുതെയായി.മഴ പെയ്തത്തോടെ മൂന്നു മാസമായി കിടക്കുന്ന മണ്ണും ചെളിയും കനാലിലേക്ക് തന്നെ ഒലിച്ചിറങ്ങി. ഇത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പലവട്ടം സമീപിച്ചിട്ടും നഗരസഭ നടപടിയെടുത്തില്ലെന്നാണ് നാട്ടുകാരുടെ പരാതി.

വലിയാന പുഴ മുതലുള്ള 710 മീറ്റർ കനാൽ ആഴം കൂട്ടി, കോരിയ മണ്ണും ചെളിയുമാണ് വീണ്ടും കനാലിലേക്ക് തന്നെ ഒലിച്ചിറങ്ങിയത്.നഗരസഭക്ക് മുൻകൂർ കത്ത് നൽകിയ ശേഷമാണ്‌ വൈക്കം മൈനർ ഇറിഗേഷൻ വകുപ്പ് കെ.വി.കനാൽ ആഴം കൂട്ടൽ പദ്ധതി തുടങ്ങിയത്.  മണ്ണ് ലേലം ചെയ്‌താൽ നഗരസഭക്ക് വരുമാനം കിട്ടുമെങ്കിലും ഇന്നേവരെ ഇത് നീക്കാൻ നടപടിയുണ്ടായിട്ടില്ല.മൂന്ന് മാസമായി തോടരുകിൽ കിടക്കുന്ന മണ്ണും ചെളിയും മഴയിൽ വീണ്ടും തോട്ടിലേക്ക് ഒഴുകിയതോടെ പദ്ധതി തന്നെ പാഴ്ചെലവായെന്നാണ് ആക്ഷേപം.

 ഇതിനിടെ മണ്ണ് നീക്കുന്നതിനായി മൂന്ന് കത്തുകൾ മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനിയർ നൽകിയിട്ടും സാങ്കേതിക കാരണങ്ങൾ പറഞ്ഞൊഴിയുകയാണ് നഗരസഭ.  മണ്ണും മാലിന്യവും വെച്ചൂർ റോഡിലേക്കും ഒഴുകിയിറങ്ങിയതോടെ കാൽനടയാത്രയും ദുരിതമായി. മാലിന്യം റോഡരുകിൽ കെട്ടി കിടക്കുന്ന സ്ഥിതിയുമാണ്.മണ്ണ് ലേലം ചെയ്താൽ നഗരസഭക്ക് വരുമാനം കിട്ടുമെന്നിരിക്കെയാണ് ഫണ്ടില്ലെന്ന് വിലപിക്കുന്ന നഗരസഭയുടെ ഈ അനാസ്ഥ തുടരുന്നത്. യന്ത്ര സംവിധാനം കൊണ്ട് കെ വി. കനാലിന്റെ അടിത്തട്ട് വരെ ക്ലീൻ ചെയ്ത പദ്ധതിയുടെ പ്രയോജനമാണ് നഗരസഭയുടെ കെടുകാര്യസ്ഥതയിൽ ഇങ്ങനെ ഇല്ലാതാവുന്നത്.