മല്‍സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം; അന്വേഷണം വേണമെന്ന് ആവശ്യം

ഫോര്‍ട്ട്കൊച്ചിയില്‍ മല്‍സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന ആവശ്യവുമായി മല്‍സ്യത്തൊഴിലാളി സംഘടനകള്‍ രംഗത്ത്. പൊലീസിന്‍റെ അന്വേഷണത്തോടുള്ള നേവിയുടെ നിസഹകരണം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഉടന്‍ കത്തയയ്ക്കും. വെടിയേറ്റ മല്‍സ്യത്തൊഴിലാളിയെ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ തിരിഞ്ഞുനോക്കിയില്ലെന്നും പരാതി. 

പൊലീസ് അന്വേഷണത്തെ വഴിമുട്ടിക്കുന്ന രീതിയിലാണ് നേവിയുടെ നീക്കങ്ങള്‍. അപകടത്തിന് തൊട്ടുപിന്നാലെ വെടിയുണ്ട തങ്ങളുടേതല്ലെന്ന് പ്രഖ്യാപിച്ച നേവി ഫയറിങ് പരിശീലനം സംബന്ധിച്ച നിര്‍ണായക രേഖകളും നല്‍കാന്‍ തയാറായിട്ടില്ല. കേന്ദ്ര സേനകളുടെ പക്കലുള്ള ഇന്ത്യന്‍ നിര്‍മിത റൈഫിളില്‍ ഉപയോഗിക്കുന്നതാണ് ബോട്ടില്‍ നിന്ന് ലഭിച്ച വെണ്ടിയുണ്ടയെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. ഇത് ഉറപ്പിക്കാനും ഉറവിടം കണ്ടെത്താനുള്ള നീക്കമാണ് നേവി തടസപ്പെടുത്തുന്നത്. കേന്ദ്ര സേനയ്ക്കെതിരായ പൊലീസിന്റെ അന്വേഷണത്തിന്‍റെ പരിമിതി കൂടി കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാര്‍ തന്നെ സംഭവം അന്വേഷിക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം.

വെടിയേറ്റ മത്സ്യത്തൊഴിലാളി സെബാസ്റ്റ്യന് ഒരു സഹായവും സര്‍ക്കാരുകളില്‍ നിന്ന് ലഭിച്ചിട്ടില്ല. വള്ളത്തിന്‍റെ ഉടമയും സഹതൊഴിലാളികളുമാണ് ആകെയുള്ള ആശ്രയം. തുടര്‍ച്ചയായ നീതി നിഷേധത്തിനെതിരെ വരും ദിവസങ്ങളില്‍ പ്രക്ഷോഭവും ശക്തമാക്കും.