ഓണക്കാലത്ത് അതിർ‌ത്തിയിൽ പ്രത്യേക പാൽ പരിശോധന

സംസ്ഥാന അതിർത്തികളിലെ ഓണക്കാല പ്രത്യേക പാൽ പരിശോധനയ്ക്ക് കുമളിയിൽ തുടക്കം. സെപ്റ്റംബർ 7 വരെ 24 മണിക്കൂറും അതിർത്തി മേഖലയിൽ പാൽ പരിശോധന ഉറപ്പാക്കും. ക്ഷീര വികസന വകുപ്പിൻ്റെയും, ഭക്ഷ്യ സുരക്ഷ വകുപ്പിൻ്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിശോധന.

പാൽ ഉപഭോഗം വർധിക്കുന്ന ഓണവിപണി ലക്ഷ്യമിട്ട് അയൽ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് പാൽ ഒഴുകും. ഇതിനിടയിൽ ഗുണ നിലവാരം കുറഞ്ഞ പാൽ വിപണിയിൽ വിറ്റഴിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് പരിശോധന. അതിർത്തി കടന്നു വരുന്ന പാലിന്റെയും, മാർക്കറ്റിൽ  ലഭ്യമായ വിവിധ പായ്ക്കറ്റ് പാലുകളുടേയും ഗുണമേന്മയും സുരക്ഷിതത്വവും പരിശോധിച്ചു ഉറപ്പ് വരുത്തും.  ഗുണനിലവാരം സംബന്ധിച്ച റിപ്പോർട്ട് ദിവസവും വൈകുന്നേരം സർക്കാരിലേക്ക് അയക്കും. മനുഷ്യ ശരീരത്തിന് ഹാനികരമായ ഫോർമാലിൻ ഉൾപ്പെടെയുള്ള എതെങ്കിലും രാസവസ്തുക്കൾ പാലിൽ ചേർത്തിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനുള്ള പരിശോധനയാണ് പ്രധാനമായും ഇവിടെ നടത്തുന്നത്.