ഉദ്ഘാടനം കഴിഞ്ഞ് 2 വർഷം; എങ്ങുമെത്താതെ തടവനാൽ ബൈപ്പാസ് നിർമാണം

ഈരാറ്റുപേട്ട ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കാനെന്ന പേരിൽ ആരംഭിച്ച തടവനാൽ ബൈപ്പാസ് നിർമാണം എങ്ങുമെത്താതെ നിലച്ചു. ആദ്യഘട്ടമായ പാലം നിർമാണം മാത്രമാണ് ഇതുവരെ പൂർത്തിയായത്. സ്ഥലമേറ്റെടുപ്പിനായുള്ള സർവേ പൂർത്തിയാക്കിയെങ്കിലും രണ്ട് വർഷമായി നടപടിയൊന്നുമില്ല. 

തടവനാലിൽ നിന്നും ആരംഭിച്ച് കാഞ്ഞിരപ്പള്ളി റോഡിലെ വെയിൽകാണാംപാറയിലെത്തുന്ന രീതയിലായിരുന്നു ബൈപ്പാസ് നിർമാണത്തിനായുള്ള പദ്ധതി. ഇതിനായുള്ള പാലം പണി പൂർത്തിയാക്കി ഉദ്ഘാടനം നടത്തിയിട്ട് 2 വർഷമായി. 800 മീറ്റർ റോഡ് നിർമാണത്തിന് സർവേ പൂർത്തിയാക്കി 52 പേരുടെ സ്ഥലം ഏറ്റെടുക്കാനാണ് തീരുമാനിച്ചത്. റോഡ് വരുന്നതോടെ വികസനം പ്രതീക്ഷിച്ച് ജനങ്ങൾ എതിർപ്പുകളില്ലാതെ സ്ഥലം വിട്ടുനല്കാനും തയാറായി. എന്നിട്ടും നിർമാണ പ്രവർത്തനങ്ങൾ വൈകുന്നതെന്താണെന്ന് മാത്രം വിശദീകരണമില്ല. ഭരണം മാറിവന്നത്തോടെ പദ്ധതി നടപ്പിലാക്കുന്നതിൽ വിരുദ്ധഭിപ്രായമുണ്ടായെന്നാണ് നാട്ടുകാരുടെ പരാതി.

ഇതിനിടയിൽ രണ്ടുവട്ടം കരാർ കാലാവധി നീട്ടി.സർവേകല്ല് സ്ഥാപിച്ചതോടെ പ്രദേശത്ത് ഭൂമി കൈമാറ്റം മുടങ്ങി.എന്നാൽ പത്തുവർഷമായിട്ടും പദ്ധതി നടപ്പിലായിട്ടുമില്ല. നിലവിലുള്ള കോൺക്രീറ്റ് റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുസഹമായിരിക്കുകയാണ്.  വർഷങ്ങളായി പ്രദേശവാസികൾക്കുണ്ടായ നഷ്ടം പരിഹരിക്കണമെന്നും റോഡ് നിർമാണം പുനരാരംഭിക്കാൻ നടപടി വേണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് ടൗണിൽ പ്രവേശിക്കാതെ വാഗമണ്ണിലേയ്ക്കും പൂഞ്ഞാർ ഭാഗത്തേയ്ക്കും പോകാനാവുന്ന ബൈപ്പാസിന്റെ നിർമാണം അ ടിയന്തിരമായി പൂർത്തീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.