ബിജെപി അട്ടിമറി വിജയം നേടിയ പന്തളം നഗരസഭയിൽ തമ്മിലടി രൂക്ഷം

ബിജെപി അട്ടിമറി വിജയം നേടിയ പന്തളം നഗരസഭയിലെ  ഭരണപക്ഷത്ത് ഗുരുതര പ്രതിസന്ധി. കഴിഞ്ഞ ദിവസം ബിജെപി കൗണ്‍സിലറെ ബിജെപിയുടെ തന്നെ നഗരസഭാദ്ധ്യക്ഷ തെറിവിളിച്ചതിന് പിന്നാലെയാണ് തമ്മിലടി രൂക്ഷമായത്. കൗണ്‍സിലര്‍ തുടക്കംമുതലേ സഹകരിക്കുന്നില്ല തുടങ്ങി ഗുരുതര ആരോപണങ്ങളാണ് നഗരസഭാദ്ധ്യക്ഷ സുശീല സന്തോഷ് ആരോപിക്കുന്നത്. പാര്‍ട്ടി തീരുമാനിക്കട്ടേയെന്നാണ് കൗണ്‍സിലറുടെ നിലപാട്.

കഴിഞ്ഞ ദിവസമാണ് നഗസഭാധ്യക്ഷ സുശീല സന്തോഷ് കൗണ്‍സിലറും ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവുമായ കെ.വി.പ്രഭയെ തെറിവിളിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നത്. ബിജെപിയുടെ കൗണ്‍സിലര്‍ തന്നെയാണ് ഇത് ചിത്രീകരിച്ച് പുറത്ത് വിട്ടതെന്ന് ഇവര്‍ ആരോപിക്കുന്നു. ഭരണമേറ്റ നാള്‍ മുതല്‍ കൗണ്‍സിലര്‍ നിസഹകരണത്തിലാണ്. മറഞ്ഞ് നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുന്നു തുടങ്ങി ഗുരുതര ആരോപണമാണ് നഗരസഭാദ്ധ്യക്ഷ ആരോപിക്കുന്നത്

പാര്‍ട്ടി യോഗങ്ങളിലടക്കം അപമാനിക്കുന്നു എന്നാണ് മറ്റൊരു ബിജെപി വനിതാ കൗണ്‍സിലറുടെ ആരോപണം. ബിജെപിയുടെ പന്തളം മുനിസിപ്പല്‍ പ്രസിഡന്‍റിന് എതിരെയും പരാതിയുണ്ട്. ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടിയില്ലെന്ന് പ്രസിഡന്‍റ് കെ.വി.പ്രഭ പറഞ്ഞു. 30 വര്‍ഷമായി പൊതുരംഗത്തുണ്ട്. കാര്യങ്ങള്‍ പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ബിജെപി കൗണ്‍സിലര്‍മാരില്‍ ഒരു വിഭാഗം അധ്യക്ഷയുടെ എതിര്‍പ്പ് അവഗണിച്ച് നഗസഭാ സെക്രട്ടറിയെ ഉപരോധിച്ചിരുന്നു. തര്‍ക്കം പറഞ്ഞ് പരിഹരിച്ചതിന് പിന്നാലെയാണ് വീണ്ടും പൊട്ടിത്തെറിയുണ്ടായത്.