നിർമാണം തുടങ്ങി ആറ് വർഷം പൂർത്തിയാകുമ്പോഴും എങ്ങുമെത്താതെ വൈക്കം മാക്കേക്കടവ് പാലം. ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് തുടങ്ങിയ പാലം പണിയാണ്  പാതിവഴിയിൽ മുടങ്ങിയത്.കൂടുതൽ തുക അനുവദിച്ചാൽ മാത്രമെ പാലം ഇരുകര മുട്ടുകയുള്ളൂ എന്നതാണ് നിലവിലെ സ്ഥിതി.

കോട്ടയം ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ചാണ് 800 മീറ്റർ നീളമുള്ള പാലം വേമ്പനാട്ട് കായലിന് കുറുകെ നിർമ്മിക്കാൻ തുടങ്ങിയത്.  തുടക്കത്തിൽ അതിവേഗം തൂണുകൾ നിർമ്മിച്ച് നടുക്കുള്ള രണ്ട് സ്പാനുകളും സ്ഥാപിച്ചു. എന്നാൽ അപ്രോച്ച് റോഡിനായി സ്ഥലമേറ്റെടുക്കാതെ നിർമ്മാണം തുടങ്ങിയതാണ് പ്രതിസന്ധിയായത്.സ്ഥലമേറ്റെടുപ്പ് കോടതി കയറിയതോടെ നിർമ്മാണം  മുടങ്ങിയ പാലം ട്രോളുകളിലും നിറഞ്ഞു ..2018 ൽ പൂർത്തിയാക്കേണ്ട പാലത്തിന്റെ തുണുകൾ ഇങ്ങനെ ആകാശത്തേക്ക് ഉയർന്ന് നിൽക്കാൻ തുടങ്ങി വർഷങ്ങൾ പിന്നിട്ടതോടെ പ്രതിഷേധം ശക്തമായി.

   76 കോടി രൂപയ്ക്ക് കരാർ നൽകിയ പാലംപണിക്കായി ഇനിയും നഷ്ടപരിഹാരതുക നൽകാനുണ്ട് .ഇരുകരകളിലുമായുള്ള 60 മീറ്റർ നീളത്തിലെ അപ്രോച്ച് റോഡിനുള്ള സ്ഥലമെടുപ്പ് നടപടികൾ പൂർത്തിയായി. ഇനി എസ്റ്റിമേറ്റ് തുക പുതുക്കി സർക്കാർ പണം അനുവദിക്കാൻ അടുത്ത തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടിവരുമെന്നാണ് നാട്ടുകാർ പറയുന്നത് 

ഇരുചക്ര വാഹനങ്ങൾക്ക് മാത്രം കയറാവുന്ന കടത്ത് മാത്രമാണ് യാത്രക്കാർക്ക് ഇപ്പോൾ ആശ്രയം. ഇവിടുത്തെയും വൈക്കത്തേയും കടത്ത് സമയം കഴിഞ്ഞാൽ കിലോമീറ്ററുകൾക്കകലെ തണ്ണീർമുക്കം ബണ്ടിലൂടെ മാത്രമെ മറുകരയെത്താനാവൂ.തീരാദുരിതം ശീലമായങ്കിലും ഇനിയെങ്കിലും നടപടി വേഗത്തിലാക്കണമെന്ന് നാട്ടുകാർ പറയുന്നു