എരുചുരുളി മലയില്‍ നിന്നു മണ്ണെടുക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം

പത്തനംതിട്ട പന്തളം കുരമ്പാലയിലെ എരുചുരുളി മലയില്‍ നിന്നു മണ്ണെടുക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. ജില്ലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുടെ അടിസ്ഥാനത്തില്‍ ദുരന്തനിവാരണ വിഭാഗം തയാറാക്കിയ പട്ടികയില്‍പ്പെട്ട ആതിരമലയുടെ സമീപമാണ് എരി ചുരുളി മല സ്ഥിതിചെയ്യുന്നത്. 

പന്തളം കുരമ്പാല തെക്ക് ആതിരമലയോട് ചേര്‍ന്നാണ് എരി ചുരുളി മല. ഒരു കാലത്ത് മലനിറയെ ചുരുളിച്ചെടികള്‍ ഉണ്ടായിരുന്നത് കൊണ്ടാണ് ഈ പേരു വന്നതെന്ന് പറയപ്പെടുന്നു. മല അപ്പാടെ ഇടിച്ചു കടത്താനുള്ള നീക്കം നടക്കുന്നതായി അടുത്തിടെയാണ് നാട്ടുകാര്‍ക്ക് വിവരം ലഭിച്ചത്. പന്തളം നഗരസഭയിലെ 16, 17, 18 വാര്‍ഡുകളിലായി സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് മണ്ണെടുപ്പിനു ശ്രമം. ഇവിടെ താമസിക്കുന്ന കുടുംബങ്ങളെ മണ്ണെടുപ്പുമായി ബന്ധപ്പെട്ടവര്‍ സമിപിച്ചെന്നും വന്‍ വില പറഞ്ഞെന്നും നാട്ടുകാര്‍ പറയുന്നു. മലയുടെ അടിവാരത്തിലാണ് കടമാന്‍കോട്, പച്ചക്കുളഞ്ഞി, ഇലഞ്ഞിക്കല്‍, പെരുമ്പാലൂര്‍, പീച്ചാന്‍കോട് ഏലാകള്‍. ഈ ഭൂപ്രകൃതിക്ക് തന്നെ മണ്ണെടുപ്പ് ഭീഷണിയാകും. 

നാട്ടുകാര്‍ ഒപ്പ് ശേഖരണം നടത്തി തഹസില്‍ദാര്‍, നഗരസഭാ അധ്യക്ഷ, കലക്ടര്‍,  ജിയോളജി വകുപ്പ് തുടങ്ങിയ ഇടങ്ങളിലെല്ലാം പരാതി നല്‍കിയിട്ടുണ്ട്. പ്രതിരോധത്തിനായി 51 അംഗ ജനകീയ സമിതിയും രൂപീകരിച്ചു. പ്രാദേശികമായ ചില സംഘങ്ങളും മണ്ണുമാഫിയക്ക് പിന്തുണ നല്‍കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.