രാമപുരം നാലമ്പല ദർശനം അടുത്ത മാസം 17ന്; വിപുലമായ ക്രമീകരണങ്ങള്‍

രാമപുരം നാലമ്പല ദര്‍ശനത്തിന് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍  അവലോകന യോഗത്തില്‍ തീരുമാനം. മാണി സി കാപ്പൻ എം. എൽ. എ യുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് റോഡ് അറ്റകുറ്റപ്പണി അടക്കമുള്ള തീരുമാനങ്ങൾ എടുത്തത്. അടുത്ത മാസം 17നാണ് നാലമ്പല ദർശനം തുടങ്ങുക.

കോട്ടയം ജില്ലയിലെ രാമപുരം, കൂടപ്പുലം, അമനകര, മേതിരി എന്നിവിടങ്ങളിലായുള്ള നാലമ്പല തീർഥാടനത്തിന് മുൻപായുള്ള ഒരുക്കങ്ങളാണ് തീരുമാനിച്ചത്.വളക്കാട്ടുകുന്ന് ഭാഗത്ത് ഭാരമുള്ള വാഹനങ്ങൾക്ക് ഗതാഗത നിരോധനം ഏര്‍പ്പെടുത്തും.ആവശ്യമായ ദിശാബോർഡുകൾക്കൊപ്പം തീര്‍ത്ഥാടന കാലം ആരംഭിക്കുന്നതിന് മുന്‍പ് റോഡുകളുടെ അറ്റകുറ്റ പണികള്‍   പൂര്‍ത്തിയാക്കണമെന്നും എം.എല്‍.എ. നിര്‍ദ്ദേശം നല്കി.  കോവിഡ്  കൂടി കണക്കിലെടുത്ത് ആരോഗ്യ വകുപ്പിന്റെ കൂടുതല്‍ ശ്രദ്ധ ഉണ്ടാകും.നാല് ക്ഷേത്രങ്ങളിലും മെഡിക്കല്‍ ടീമിന്റെ സേവനം ഉറപ്പു വരുത്തും.

നാലമ്പല റോഡുകളുടെ ഇരുവശവും വൃത്തിയാക്കി വാഹന ഗതാഗതം സുഗമമാക്കുന്നതിന് സൗകര്യമൊരുക്കുവാന്‍ പഞ്ചായത്ത് അധികൃതര്‍ക്കും നിർദേശമുണ്ട്.വഴി വിളക്കുകളുടെ കേട്പാട് തീർക്കുക വൈദ്യുതി തടസം കൂടാതെ ലഭിക്കുക തുടങ്ങിയ കാര്യങ്ങൾ കെ.എസ്.ഇ.ബി. ഉറപ്പുവരുത്തും. ആവശ്യമായ പോലീസ് സേനയുടെയും, ഫയര്‍ഫോഴ്സിന്റെയും സേവനം ഉറപ്പുവരുത്തണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.  രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അവലോകനയോഗത്തിൽ പങ്കെടുത്തു.