ചിലവാക്കിയത് കോടികള്‍; ആരും തിരിഞ്ഞു നോക്കാതെ അയ്മനത്തെ ഇന്‍ഡോര്‍ സ്റ്റേഡിയം

ആരും തിരിഞ്ഞ് നോക്കാനില്ലാതെ കോട്ടയം അയ്മനത്ത് കോടികള്‍ ചിലവാക്കി നിര്‍മിച്ച ഇന്‍ഡോര്‍ സ്റ്റേഡിയം. ഉദ്ഘാടനം കഴിഞ്ഞ് ഒരുവര്‍ഷം പിന്നിടുമ്പോഴേക്കും കെട്ടിടത്തിന്റെ തറയും ഭിത്തിയും തകര്‍ന്ന നിലയിലാണ്. കിഫ്ബിയില്‍ നിന്ന് ലഭിച്ച 5 കോടിയിലധികം രൂപ ചിലവഴിച്ച് നിര്‍മിച്ച കെട്ടിടത്തിനാണ് ‍ദുരവസ്ഥ.

നിര്‍മാണ സമയത്ത് വ്യാപക ക്രമക്കേട് നടന്നെന്നും സ്റ്റേഡിയം നിര്‍മാണത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്തംഗം വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.സ്പോര്‍ട്സ് കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ കിറ്റ്കോയ്ക്കായിരുന്നു നിര്‍മാണചുമതല.മണ്ണ് പണിയില്‍ പാളിച്ച പറ്റിയിട്ടുണ്ടെന്നും 80 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നുമാണ് പഞ്ചായത്തംഗം പറയുന്നത്.

മുന്‍ഭാഗത്തെ മൂന്ന് കവാടങ്ങളിലും തൂണുകള്‍ വളഞ്ഞ് തറ കെട്ടിടത്തില്‍ നിന്ന് വേര്‍പെട്ട് നില്‍ക്കുന്നു.തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കായികമന്ത്രിയെത്തി തിരക്കിട്ട് ഉദ്ഘാടനം ചെയ്ത് പ്രകടനം നടത്തിയെന്നല്ലാതെ ഇന്നേവരെ ഒരാള്‍ക്കും പ്രയോജനമുണ്ടായില്ല.ഇപ്പോള്‍ പഞ്ചായത്തിന് മാലിന്യം സൂക്ഷിക്കാനും നാട്ടുകാര്‍ക്ക് നാല്‍ക്കാലികളെ കെട്ടാനുമാണ് സ്റ്റേഡിയത്തിന്റെ പരിസരം.