ബ്ലാവന കടവിൽ പാലം വേണമെന്ന ആവശ്യം ശക്തമാക്കി നാട്ടുകാർ

കോതമംഗലം  കുട്ടമ്പുഴ, ബ്ലാവന കടവിൽ പാലം വേണമെന്ന ആവശ്യം ശക്തമാക്കി നാട്ടുകാർ. ആദിവാസികൾ അടക്കം പ്രത്യക്ഷ സമരത്തിനാണ് നീക്കം. പഞ്ചായത്തും വിവിധ രാഷ്ട്രീയ പാർട്ടികളും പിന്തുണയുമായി രംഗത്തുണ്ട്.

 കുട്ടമ്പുഴ പഞ്ചായത്തിലെ  തലവച്ചപാറ, തേര, കുഞ്ചിപ്പാറ, വാരിയം, മീങ്കുളം, മാപ്പിളപ്പാറ എന്നീ ആദിവാസി കോളനികളിലേക്കുള്ള ഏക സഞ്ചാര മാർഗമാണ് ബ്ലാവന കടത്ത്. കല്ലേലിമേട് എന്ന കുടിയേറ്റ ഗ്രാമത്തിലേക്കും ഇതാണ് ഏക മാർഗം. മഴ  ശക്തമായി  പുഴയിൽ  ഒഴുക്ക് വർധിക്കുമ്പോൾ  കടത്ത് നിലയ്ക്കും. ആദിവാസി കോളനികൾ ഒറ്റപ്പെട്ടു പോകും. ചിലപ്പോൾ ഈ ഒറ്റപ്പെടൽ ദിവസങ്ങൾ നീളും.  

285 ആദിവാസി കുടുംബങ്ങൾ ഉൾപ്പെടെ നാനൂറോളം കുടുംബങ്ങളാണ് പാലമില്ലാത്തതിനാൽ ദുരിത ജീവിതം നയിക്കേണ്ടി വരുന്നത്.. സമരത്തിന് യു.ഡി.എഫ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.  പാലം നിർമിക്കണമെന്ന കോടതി നിർദേശം പോലും അവഗണിക്കപ്പെട്ടതോടെയാണ് പ്രദേശവാസികൾ സമരത്തിനിറങ്ങിയത്