രാപകല്‍ നിരീക്ഷണം; കാട്ടാനയുടെ സാന്നിധ്യം തിരിച്ചറിയാന്‍ ഇലക്ട്രോണിക് സ്ക്രീന്‍

അതിരപ്പള്ളിയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കാട്ടാനയുടെ സാന്നിധ്യം തിരിച്ചറിയാന്‍ വഴിയോരങ്ങളില്‍ ഇലക്ട്രോണിക് സ്ക്രീന്‍ സ്ഥാപിച്ചു. ആനത്താരയുടെ നൂറുമീറ്റര്‍ ചുറ്റളവിലാണ് സ്ക്രീന്‍ സ്ഥാപിച്ചത്. ആനയുടെ വരവ് അറിയാന്‍ സ്ഥാപിച്ച ക്യാമറകളില്‍ നിന്നാണ് ജാഗ്രത സന്ദേശം ഇലക്ട്രോണിക് സ്ക്രീനില്‍ എത്തുന്നത്. 

തൊട്ടടുത്ത് ആനയുണ്ടെന്ന സന്ദേശം വഴിയാത്രക്കാര്‍ക്ക് അറിയിക്കാനാണ് ഈ ബോര്‍ഡ്. റോബോര്‍ട്ടിക്ക് ക്യാമറകളുടെ സഹായത്തോടെയാണിത്. ആനകള്‍ സ്ഥിരമായി ഇറങ്ങുന്ന സ്ഥലങ്ങളില്‍ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ആനയുടെ ചിത്രം ഈ ക്യാമറയില്‍ പതിഞ്ഞാല്‍ ഉടന്‍ സ്ക്രീനില്‍ ജാഗ്രതാ സന്ദേശം തെളിയുന്ന രീതിയിലാണ് ക്രമീകരണം. ഇതോടൊപ്പം, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മൊബൈലിലേക്കും ജാഗ്രതാ സന്ദേശം പായും. അതനുസരിച്ച് പട്രോളിങ് നടത്താനും കഴിയും. വനംവകുപ്പ് മുന്‍കയ്യെടുത്താണ് ഇത് സ്ഥാപിച്ചത്. ദുബൈയിലുള്ള കമ്പനിയുമായി ചേര്‍ന്നാണ് സാങ്കേതികവിദ്യ കിട്ടിയത്. അതിരപ്പിള്ളിയിലാണ് ഈ ക്യാമറകളും സ്ക്രീനും സ്ഥാപിച്ചിട്ടുള്ളത്. കാട്ടാനയുടെ ആക്രമണത്തില്‍ പിഞ്ചു കുഞ്ഞിന്‍റെ ജീവന്‍ പൊലിഞ്ഞ സ്ഥലം കൂടിയാണ്. 

മഴയത്തും വെയിലത്തും ക്യാമറകള്‍ പ്രവര്‍ത്തിക്കും. രാപകല്‍ നിരീക്ഷണം. റോബോര്‍ട്ടിക് കാമറകളുടെ സഹായത്താല്‍ വനത്തിലെ ആവാസവ്യവസ്ഥയെക്കുറിച്ചും കൃത്യമായി അറിയാന്‍ കഴിയും. വന്യജീവികളുടെ എണ്ണമെടുക്കാനും കഴിയും. ഈ സാങ്കേതികവിദ്യയെക്കുറിച്ച് കേട്ടറിഞ്ഞ് ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള വനം ഉദ്യോഗസ്ഥരും  ആവശ്യം ഉന്നയിച്ചിട്ടുണ്ട്.