സുരക്ഷ പാലിക്കാതെ പാലം പുനർനിർമാണം; കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

തൃപ്പുണിത്തുറ മാര്‍ക്കറ്റ് റോഡില്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പാലം പൊളിച്ചുപണിയുന്നതെന്ന് ആരോപിച്ച് പ്രതിഷേധവുമായി കോണ്‍ഗ്രസ്. 

നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന സ്ഥലത്തെ കുഴിയില്‍ വീണ് പരുക്കേറ്റ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഒരാളുടെ പരുക്ക് ഗുരുതരമാണ്. ബാരിക്കേഡ് പോലും സ്ഥാപിക്കാതെയാണ് മാര്‍ക്കറ്റ് റോഡില്‍ പാലം നിര്‍മാണം പുരോഗമിക്കുന്നതും. മാര്ക്കറ്റ് റോഡില്‍ മാസങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ചതാണ് പാലം പുനര്‍നിര്‍മാണം. ഇതിനായെടുത്ത കുഴിയില്‍ ൈബക്ക് നിയന്ത്രണം വിട്ട് വീണ് പരുക്കേറ്റ രണ്ട് പേരില്‍ ഒരാളാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതേ തുടര്‍ന്നാണ ്പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. ബൈക്ക് യാത്രികനായ യുവാവ് മരിച്ചതില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കമമെന്നും ഇവര്‍ ആവശ്യപ്പെട്ടു. മതിയായ സുരക്ഷാമാനദണ്ഡങ്ങളില്ലാതെ അശാസ്ത്രീയമായ രീതിയിലാണ് നിര്‍മാണം പുരോഗമിക്കുന്നത്. വീപ്പയില്‍ മണ്ണ് നിറച്ചാണ് റോഡ് അടച്ചത്. ഇതും ഗുരുതരമായ സുരക്ഷാലംഘനമാണ്.

അപകട മരണമുണ്ടായിട്ടും ഒരു ഉദ്യോഗസ്ഥന്‍ പോലും സ്ഥലം സന്ദര്‍ശിച്ചിട്ടില്ല. ഡിസിസി ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ത‍ൃപ്പുണിത്തുറ പിഡബ്ല്യുഡി ഒാഫിസിന്‍ മുന്നില്‍ കുത്തിയിരിപ്പ് സമരവും നടത്തിയിരുന്നു. പാലം നിര്‍മാണം നടക്കുന്ന സ്ഥലത്ത് ബാരിക്കേഡ് സ്ഥാപിച്ച് സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഉദ്യോഗസ്ഥര്‍ രേഖാമൂലം ഉറപ്പ് നല്‍കിയതിനെതുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. സുരക്ഷയൊരുക്കിയില്ലെങ്കില്‍ പാലം നിര്‍മാണം തടസപ്പെടുത്തുെമന്ന തീരുമാനത്തിലുറച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകർ.