വരവേൽക്കാൻ ആനവണ്ടി; ശിശുസൗഹൃദമാക്കി ലൂഥറൻ മിഷൻ സ്കൂൾ

ആലപ്പുഴ മുഹമ്മയിലെ ലൂഥറന്‍ മിഷന്‍ എല്‍പി സ്കൂളിലെ കുട്ടികള്‍ക്ക് ഇന്ന് സ്കൂളിലെത്തുമ്പോള്‍ ആനവണ്ടിയെന്താണെന്ന് അടുത്തറിയാന്‍ പറ്റും. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും പൂക്കളും മരങ്ങളും  എല്ലാം സ്കൂള്‍ ഭിത്തിയിലുണ്ട്. പൂര്‍ണമായും ശിശുസൗഹൃദ വിദ്യാലയമാക്കി മാറ്റിയെന്നാണ് അധ്യാപകരും പിടിഎയും പറയുന്നത്.

ദൂരെനിന്ന് കണ്ടാല്‍ സ്്കൂളില്‍ ഒരു കെഎസ്ആര്‍ടിസി ബസ്  പാര്‍ക്ക്  ചെയ്തിരിക്കുന്നതായി തോന്നും. ആലപ്പുഴ മുഹമ്മയിലെ ലൂഥറന്‍ എല്‍പി സ്കൂള്‍ ഭിത്തിയിലാണ്  ആനവണ്ടിയുടെ ഭീമന്‍ ചിത്രം. ഇന്നു മുതല്‍  സജീവമാകുന്ന വിദ്യാലയത്തില്‍ കുട്ടികളെ വരവേല്‍ക്കാന്‍ ആനവണ്ടിയും. ഇടവേളയ്ക്കുശേഷം സ്കൂളിലെത്തുന്ന കുട്ടികളെ വരവേല്‍ക്കാന്‍ എന്തു ചെയ്യണമെന്ന ചിന്തയില്‍ നിന്നാണ് കെഎസ്ആര്‍ടിസി ബസിന്‍റെ ചിത്രം സ്കൂള്‍ ഭിത്തിയില്‍ തെളിഞ്ഞത്.

ചിത്രകാരനും മണ്ണഞ്ചേരി പഞ്ചായത്ത് അംഗവുമായ രാജേഷ് ആണ് ചിത്രങ്ങള്‍ വരച്ചത്.320 കുട്ടികളും എട്ട് അധ്യാപകരുമുള്ള ഇവിടെ ഇത്തവണ എഴുപത് കുട്ടികളാണ് പുതുതായി ചേര്‍ന്നത്. സ്കൂള്‍ ഭിത്തികളിലെല്ലാം അക്കങ്ങളും അക്ഷരങ്ങളും  പൂക്കളും മരങ്ങളും എല്ലാം വരച്ച് മനോഹരമാക്കി.അധ്യാപകര്‍  വായ്പയെടുത്താണ് സ്കൂള്‍  വര്‍ണാഭമാക്കാനുള്ള പണം കണ്ടെത്തിയത്.മാജിക് ഷോയും  കലാപരിപാടികളും ഉള്‍പ്പെടെ ക്രമീകരിച്ചാണ് ഇവിടെ കുട്ടികളെ വരവേല്‍ക്കുന്നത്.