പ്രസവവാർഡിന്റെ നിർമാണം വൈകുന്നു; സ്ഥലപരിമിതി മൂലം വീർപ്പ്മുട്ടി ജനറൽ ആശുപത്രി

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ  പ്രസവവാർഡിന്‍റെ നിർമാണം വൈകുന്നു. തറക്കല്ലിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നിർമാണം എങ്ങുമെത്തിയില്ല. ഗൈനക്കോളജി വിഭാഗത്തിന്‍റെ പ്രവർത്തനവും അവതാളത്തിലായി.

കാഞ്ഞിരപ്പള്ളി ജനറലാശുപത്രിയിൽ പഴയ പ്രസവ വാർഡിനോട് ചേർന്നാണ് പുതിയ വാർഡ് നിർമിക്കുന്നത്.   മാർച്ച് 23ന് തറകല്ലിട്ടെങ്കിലും നിർമാണജോലികൾ എങ്ങുമെത്തിയില്ല.  ഒരു കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ നിർമ്മാണത്തിന് കരാറുകാർക്കുള്ള കാലാവധി ഒൻപത് മാസമാണ്. ശേഷിക്കുന്ന ഏഴ്  മാസം കൊണ്ട് കെട്ടിട നിർമാണം പൂർത്തിയാക്കാനാകില്ലെന്ന് ഏറെക്കുറേ ഉറപ്പായി.   നിർമാണത്തിൻ്റെ ആദ്യഘട്ടത്തിൽ പ്രദേശത്തെ പാറ പെട്ടിച്ച് നീക്കാനുള്ള കലാതാമസം ചൂണ്ടിക്കാട്ടിയാണ്  കരാറുകാർ ജോലികൾ വൈകിപ്പിച്ചത്.  പാറ പൊട്ടിച്ചതിന് ശേഷവും  ജോലികൾ ആരംഭിച്ചില്ല. 

പുതിയ കെട്ടിട നിർമ്മാണം വൈകുന്നത് മൂലം സ്ഥലപരിമിതികൊണ്ട് വീർപ്പ് മുട്ടുകയാണ് ആശുപത്രിയിലെ ഗൈനോക്കോളജി വിഭാഗം. പഴയ കെട്ടിടത്തിൽ ഉണ്ടായിരുന്ന മുറികൾ നവീകരണ ത്തിനായി പൊളിച്ച് നീക്കിയിരുന്നു.  26 കിടക്കകൾ ഉണ്ടായിരുന്നത് പന്ത്രണ്ടായി ചുരുങ്ങി.    

കരാറുകാരനു മേൽ  സമ്മർദം ചെലുത്തി ജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ ഇടപെടൽ വേണമെന്നാണ് ആവശ്യം.